അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി

07:18pm 08/04/2016
download
ന്യൂഡല്‍ഹി: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ മദ്യ നയത്തില്‍ മാറ്റമുണ്ടാകില്ല. മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

മദ്യനയം സംബന്ധിച്ച് കേരള ഘടകത്തില്‍ ആശയകുഴപ്പം വന്നതിനെ തുടര്‍ന്നാണ് യെച്ചൂരി പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്. ഇന്ന് അവയ് ലബ്ള്‍ പി.ബി യോഗം ചേര്‍ന്നാണ് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന തീരുമാനമെടുത്തത്.

യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം പ്രായോഗികമല്ലെന്നും എല്‍.ഡി.എഫ് പുനഃപരിശോധിക്കുമെന്നും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മദ്യ വര്‍ജനമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.

സി.പി.എം നിലപാടിനെ അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നിരുന്നു.