അതിർത്തിയിൽ വെടിവെപ്പ്: ഏഴു പേർക്ക് പരിക്ക്

10:11 AM 27/10/2016
download
കശ്മീർ: അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വീണ്ടും പാക് വെടിവെപ്പ്. വ്യാഴാഴ്ച പുലർച്ചെയുണ്ടായ വെടിവെപ്പിൽ ഏഴു ഗ്രാമീണർക്ക് പരിക്കേറ്റു. ആർ.എസ് പുര സെക്ടറിലാണ് വെടിവെപ്പുണ്ടായത്.

82 എം.എം മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഘർഷം നിലനിൽക്കുന്നതിനാൽ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. മേഖലയിലെ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. ബുധനാഴ്ച രാത്രി മുതല്‍ പാക് ഷെല്ലാക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു.

അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ പേരില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈ കമ്മിഷണര്‍ പാകിസ്താന് താക്കീത് നല്‍കിയിരുന്നു. എന്നാൽ പാകിസ്താൻ ഇന്ത്യൻ ഉപസ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. രാജ്യാന്തര അതിർത്തിയിലെ ചാപർ, ഹർപാൽ സെക്ടറുകളിലും നിയന്ത്രണ രേഖക്ക് സമീപം ഭിംബറിലും ഇന്ത്യൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു സാധാരണക്കാർ കൊല്ലപ്പെടുകയും ഒമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.