അനധികൃത ഭൂമിയിടപാട്; റോബര്‍ട്ട് വദ്രക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ

05.36 AM 01-09-2016
robert_vadra_760x400
ഹരിയാനയിലെ അനധികൃത ഭൂമിയിടപാടില്‍ പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ഭൂമിക്ക് ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും ജസ്റ്റിസ് ദിംഗ്ര കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂപേന്ദ്രസിംഗ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ റോബര്‍ട്ട് വാദ്രയടക്കമുള്ളവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഭൂമി അനുവദിച്ചത് ഉള്‍പ്പെടെ 250 ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് ജസ്റ്റിസ് എസ്എന ദിംഗ്ര കമ്മീഷന അന്വേഷിച്ചത്.
സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനി, റിയല്‍ എസ്റ്റേറ് കമ്പനി ഡി.എല്‍.എഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രത്യേക ആവശ്യത്തിനായി ഉപയോഗിച്ച ഭൂമി വകുപ്പ് മാറ്റിയാണ് ഹൂഡ സര്‍ക്കാര്‍ കൈമാറിയിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
നേരത്തെ ദിംഗ്ര കമ്മീഷന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അയച്ച സമന്‍സ് റോബര്‍ട്ട് വദ്ര കൈപ്പറ്റിയിരുന്നില്ല. അതേസമയം ചിലരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ റിപ്പോര്‍ട്ടെന്നും റോബര്‍ട്ട് വാദ്രയെ കമ്മീഷന്‍ വിളിച്ചു വരുത്തുകയോ അദേഹത്തിന്റെ ഭാഗം കേള്‍ക്കുകയോ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഉത്തര്‍പ്രദേശിലും പഞ്ചാബിലും നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ട് രാഷ്ട്രീയ ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം