അനുസ്മരണ ചടങ്ങിനിടെ വിശ്രമം; ഹിലരിയെ വിട്ടൊഴിയാതെ വിവാദം

01:28 pm 12/09/2016
download (1)
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍െറ അനാരോഗ്യത്തെക്കുറിച്ച് വീണ്ടും വിവാദം. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ദുരന്തത്തിന്‍െറ 15 വാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 11 ന് വാഷിംഗ്ടണില്‍ നടന്ന അനുസ്മരണ ചടങ്ങിനിടെ ഹിലരി വിശ്രമിക്കാനായി മകളുടെ അപ്പാര്‍ട്ട്മെന്‍റിലേക്ക് പോയതാണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും വിവാദമാക്കുന്നത്. ചടങ്ങ് തുടങ്ങി ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ചൂട് സഹിക്കാനാവാതെ ഹിലരി സമീപത്തുള്ള മകളുടെ വീട്ടിലേക്ക് പോയത്.
സംഭവം പുറത്തായതോടെ തെരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുന്ന മാധ്യമങ്ങളില്‍ അത് ചൂടുള്ള വാര്‍ത്തയായി. തുടര്‍ന്നാണ് ട്രിംപും കൂട്ടരും ഇത് വിവാദമാക്കിയത്.

68 കാരിയായ ഹിലരിക്ക് ഒരു ചെറിയ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആരോഗ്യമില്ലെങ്കില്‍ എങ്ങിനെയാണ് ഇവര്‍ അമേരിക്കയുടെ പ്രസിഡന്‍റാവുക എന്നൊക്കെയാണ് ഇവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍. ചടങ്ങ് നടക്കുമ്പോര്‍ കടുത്ത ചൂടൊന്നും ഉണ്ടായിരുന്നില്ളെന്നും ഇവര്‍ പറയുന്നു.

അതേ സമയം സംഭവം വിവാദമാവുമെന്ന് കണ്ട ഹിലരി മകളുടെ വീട്ടില്‍ നിന്ന് പുറത്തുവന്ന് വാര്‍ത്താലേഖകരെ കണ്ടു. തനിക്ക് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നവുമില്ളെന്നും ചടങ്ങിനിടെ കുറച്ചുസമയം വിശ്രമിക്കാന്‍ വേണ്ടിമാത്രമാണ് മകളുടെ വീട്ടിലത്തെിയതെന്നും അവര്‍ പറഞ്ഞു. നേരത്തെയും ഹിലരിയുടെ ആരോഗ്യത്തെക്കുറിച്ച് എതിരാളികള്‍ സംശയമുന്നയിച്ചിരുന്നു.