രോഗിക്ക് കുറിച്ചുനല്‍കിയ മരുന്ന് കഴിച്ച് അബോധാവസ്ഥയിലായ ഡോക്ടര്‍ മരിച്ചു

04:02 PM 12/09/2016

images (10)
മൂവാറ്റുപുഴ: താന്‍ കുറിച്ചു നല്‍കിയ മരുന്നിന്‍െറ വിശ്വാസ്യത തെളിയിക്കാന്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച് അതേ മരുന്ന കഴിച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിഞ്ഞ ആയുര്‍വേദ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ഡോ. പി.എ ബൈജുവാണ് മരിച്ചത്. ഒമ്പത് വര്‍ഷമായി ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. സൈബന്‍വാലിയിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ജോലിയിലായിരിക്കെ 2007 ജനുവരി 24നാണ് സംഭവങ്ങളുടെ തുടക്കം. തന്‍െറ രോഗിയായ സൈബന്‍ വാലി സ്വദേശി ശാന്തക്ക് കുറിച്ചുനല്‍കിയ മരുന്നാണ് ഇദ്ദേഹത്തിന് ദുരന്തമായത്.
മരുന്നു കഴിച്ച ശാന്ത അവശയായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലത്തെി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഡോ. ബൈജു മരുന്ന് സ്വയം കഴിച്ചത്. ഉടന്‍ അബോധാവസ്ഥയിലായ ഡോക്ടറെ നിരവധി ചികിത്സകള്‍ക്ക് വിധേയനാക്കിയെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല.
ഇതിനിടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശാന്തയുടെ ഭര്‍ത്താവ് അറസ്റ്റിലാവുകയും ഡോക്ടര്‍ കഴിച്ച മരുന്നില്‍ കീടനാശിനിയില്‍ കാണുന്ന ഓര്‍ഗാനോ ഫോസ്ഫറസ് എന്ന വിഷവസ്തുവിന്‍െറ സാന്നിധ്യം കണ്ടത്തെുകയും ചെയ്തിരുന്നു.
മരുന്നില്‍ മറ്റാരോ കീടനാശിനി കലര്‍ത്തിയെന്നായിരുന്നു പൊലീസിന്‍െറ കണ്ടത്തെല്‍. തുടര്‍ന്ന് ശാന്തയുടെ ഭര്‍ത്താവിനെ നിരവധിതവണ ചോദ്യം ചെയ്തെങ്കിലും കേസിന് തുമ്പുണ്ടാക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ ആശുപത്രി ഡോ. ഷിന്‍സിയാണ് ഭാര്യ. മക്കള്‍: വൈഷ്ണവ്, വിഷ്ണു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.