അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി.

08:25 am 30/11/2016
images (2)

സാവോപോളോ: കൊളംബിയയിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിച്ചു. 76 പേരാണ് ദുരന്തത്തില്‍ മരിച്ചത്. ബ്രസീലിൽ നിന്ന് കൊളംബിയയിലെ മെഡെലിനേക്ക് പറന്ന ലാമിയ എയർലൈൻസിന്റെ വിമാനമാണ് ഇന്നലെ തകർന്നുവീണത്.വിമാനം തകർന്നുവീണ മലഞ്ചെരുവിന് സമീപത്തുനിന്ന് അധികൃതർ ബ്ലാക് ബോക്സ് കണ്ടെത്തി.
ലഭ്യമായ എല്ലാ വിവരങ്ങളും ബ്ലാക്ബോക്സിൽ നിന്ന് ശേഖരിച്ച് വരികയാണെന്നും അന്വേഷണം തുടങ്ങിയതായും അധികൃതർ അറിയിച്ചു. വിമാനത്തിൽ ആവശ്യത്തിന് ഇന്ധമില്ലായിരുന്നെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. സാങ്കേതിക തകരാറെന്നുമാത്രമേ എയർ ട്രാഫിക് കൺട്രോളിന് സന്ദേശം കിട്ടിയിരുന്നുളളൂ. ഇതടക്കമുളള ദുരൂഹതകൾ നീങ്ങാൻ ബ്ലാക്ബോക്സ് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് കൊളംബിയൻ സിവിൽ ഏവിയേഷൻ ഏജൻസി അറിയിച്ചു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ശേഷിക്കുന്ന അഞ്ചുപേരും തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മൃതദേഹങ്ങൾ ബുധനാഴ്ച ഉച്ചക്ക് ശേഷം പ്രത്യേക വിമാനം വഴി നാട്ടിലെത്തിക്കും. ഇതിനായി ബ്രസീലിൽ നിന്നുളള വിമാനം മെഡെലിൽ എത്തിയിട്ടുണ്ട്.