അഫ്ഗാനിൽ വ്യോമാക്രമണം; 44 ഭീകരർ കൊല്ലപ്പെട്ടു

02.17 AM 31/10/2016
afghan_3010
കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 44 ഭീകരർ കൊല്ലപ്പെട്ടു. നൻഗർഹർ പ്രവിശ്യയിലും കുനാർ പ്രവിശ്യയിലുമാണ് വ്യോമാക്രമണം നടന്നതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ്–അഫ്ഗാൻ സംയുക്‌ത സൈന്യമാണ് ആക്രമണം നടത്തിയത്.

നൻഗർഹർ പ്രവിശ്യയിൽ ഞായറാഴ്ച രാവിലെയാണ് വ്യോമാക്രമണം നടന്നത്. ഇവിടെ തമ്പടിച്ചിരുന്ന താലിബാൻ ഭീകരരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. 25 ഭീകരർ ഇവിടെ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ട്. എന്നാൽ താലിബാൻ ഈ റിപ്പോർട്ടുകളോടു പ്രതികരിച്ചിട്ടില്ല.

കുനാർ പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ 19 ലഷ്കർ ഭീകരരാണ് കൊല്ലപ്പെട്ടത്. എട്ടു ഭീകരർക്കു പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയത്തെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു. ഇവിടെ ഭീകരർ ഉപയോഗിച്ചിരുന്ന നിരവധി അത്യാധുനിക ആയുധങ്ങൾ നശിപ്പിച്ചതായും അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു.