അഭയാര്‍ഥി ബോട്ട് മുങ്ങി 500ലേറെ പേര്‍ മരിച്ചതായി സംശയം യു.എന്‍

08:04am 21/04/2016
download (1)
റോം: ഏപ്രില്‍ 16ന് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 500ന് മുകളില്‍ ആയിട്ടുണ്ടാവാമെന്ന് യു.എന്‍. ആഫ്രിക്കയില്‍നിന്നും പശ്ചിമേഷ്യയില്‍നിന്നുമുള്ള അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ലിബിയക്കും ഇറ്റലിക്കുമിടയിലാണ് മുങ്ങിയത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടവരുടെ മൊഴി അടിസ്ഥാനമാക്കിയാണ് ബോട്ടിലുണ്ടായിരുന്ന ബാക്കി ആളുകള്‍ മരിച്ചിട്ടുണ്ടാകാമെന്ന യു.എന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിഗമനം. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട 23 സോമാലിയക്കാരെയും 11 ഇത്യോപ്യക്കാരെയും ഒരു സുഡാന്‍കാരനെയും ഗ്രീസിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ലിബിയന്‍ തീരത്തുനിന്ന് ആളുകളെ കുത്തിനിറച്ച് ഇറ്റലി ലക്ഷ്യമാക്കി യാത്രതിരിച്ച ഒരു ബോട്ടും മുങ്ങിയിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി യു.എന്‍ അഭയാര്‍ഥികാര്യ ഹൈകമീഷണറുടെ വക്താവ് പറഞ്ഞു. എന്നാല്‍, അപകടത്തില്‍പെട്ട ബോട്ടുകള്‍ മുങ്ങിയ കൃത്യമായ സ്ഥലവും മരിച്ചവരുടെ എണ്ണവും ഇനിയും തിട്ടപ്പെടുത്താനായിട്ടില്‌ളെന്ന് ഏജന്‍സി പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ബോട്ട് മുങ്ങി 800 പേര്‍ മരിച്ചതിനു ശേഷം അഭയാര്‍ഥി കുടിയേറ്റവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഏറ്റവും ഭീകരമായ ദുരന്തമായിരിക്കുമിത്.