അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയത്തില്‍ വി.ബലിയര്‍പ്പിച്ചു

09:19 am 23/6/2017


ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ അഭി.മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ജൂണ്‍ 20ന് ചൊവ്വാഴ്ച മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നനായ ദൈവാലയം സന്ദര്‍ശിക്കുകയും വൈകിട്ട് നടന്ന ദിവ്യബലിയിലും തുടര്‍ന്ന് വി.അന്തോണിസിന്റെ നൊവേനയിലും മുഖ്യകാര്‍മികത്വം വഹിക്കുകയും ചെയ്തു . മോണ്‍ തോമസ് മുളവനാല്‍ സഹകാര്‍മികനായിരുന്നു. ദൈവം നമ്മുക്ക് നല്കിയ കഴിവുകള്‍ക്കും അവസരങ്ങള്‍ക്കും അനുയോജ്യമായ സഹകരണവും സംരക്ഷണവും കൊടുത്ത് സഭയുടെ വളര്‍ച്ചയില്‍ നാം പങ്കാളികളാവണമെന്ന് വി.കുര്‍ബാന മധ്യേ നടത്തിയ വചനസന്ദേശ പ്രസംഗത്തില്‍ പിതാവ് ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു.

നിരവധി വിശ്വാസികള്‍ അന്നു നടന്ന തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. കുര്‍ബാനയ്ക്കുശേഷം നടന്ന ഇടവക പ്രതിനിധി മീറ്റിങ്ങിലും പിതാവ് പങ്കെടുത്തു. ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രപ്പോലിത്ത അഭി.മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ചുകൊണ്ട് വികാരി മോണ്‍ തോമസ് മുളവനാല്‍ കോട്ടയത്തു വച്ച് നടന്ന ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് വിവരിച്ചു.

ഹൃസ്വകാല സന്ദര്‍ശത്തിനായി അമേരിക്കയില്‍ എത്തിയിരിക്കുന്ന പിതാവ് ജൂണ്‍ അവസാന വാരം ചിക്കാഗോ മോര്‍ട്ടണ്‍ഗ്രോവ് ക്‌നാനായ ദൈവാലയത്തില്‍ വച്ച് നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിലും പങ്കെടുക്കും. സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.