അഭ്രപാളികളിലെ ഭരതന്‍ ടച്ച് വിടപറഞ്ഞിട്ട് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു

07.46 AM 30-07-2016
28KIMP_BHARATHAN_1157519g
കെ.പി വൈക്കം
അഭ്രപാളികളില്‍ നിഴലും വെളിച്ചവും ചേര്‍ത്ത് സൗന്ദര്യത്തികവിന്റെ മുഖമുദ്രയായി പ്രേക്ഷക ഹൃദയങ്ങളില്‍ ‘ഭരതന്‍ ടച്ച്’ വിരിയിച്ച മഹാനായ സംവിധായകന്‍ ഭരതന്‍ വിടവാങ്ങിയിട്ട് ജൂലൈ മുപ്പതിന് 18 വര്‍ഷങ്ങള്‍ പിന്നിടുന്നു. അഭ്രപാളിയില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചിട്ട മാന്ത്രികനായ ചിത്രകാരന്‍. ഓരോ ഫ്രെയിമിനും സൗന്ദര്യത്തിന്റെ നിറക്കൂട്ട് ചാര്‍ത്തിച്ച കലാകാരന്‍. എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ഭരതനെന്ന സര്‍ഗ പ്രതിഭയ്ക്ക്. മനുഷ്യസഹജമായ വികാരങ്ങളെ ഒരു കാന്‍വാസില്‍ ലെന്നപോലെ ഭരതന്‍ സിനികള്‍ പ്രേക്ഷകമനസ്സില്‍ കോറിയിട്ടു. പ്രണയത്തേയും കാമത്തേയും അശ്ലീലത്തിലേക്ക് വഴുതിവീഴാതെ തന്നെ ചിത്രീകരിക്കുവാനുള്ള അപൂര്‍വ്വമായ തന്റെ കൈപ്പട തന്റെ ആദ്യ ചിത്രമായ പ്രയാണത്തിലൂടെ തന്നെ ഭരതന്‍ തെളിയിച്ചു.
ഈ ചലച്ചിത്രത്തില്‍ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ അവതരിപ്പിച്ച ബ്രാഹ്മണപൂജാരി കേരളത്തിലെ യാഥസ്ഥികികരായ ആളുകള്‍ക്ക് മുഖമടച്ചുള്ള അടിയായിരുന്നു. 60 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു ബ്രാഹ്മണ പൂജാരി, തന്റെ മകളെക്കാളും വളരെ ചെറുപ്പമായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍, ദേവതാ വിഗ്രഹത്തില്‍ ചന്ദനം ചാര്‍ത്തുമ്പോള്‍ തന്റെ യുവതിയായ വധുവിന്റെ ശരീരം സങ്കല്‍പ്പിക്കുന്ന രംഗമാണ്. ശ്രീകോവിലിലെ ഇരുട്ട് മണിയറയായും ദേവി തന്റെ ഭാര്യയായും മാറുന്നു. കല്‍പ്രതിമയുടെ ശരീരവടിവുകളില്‍ ചന്ദനം പൂശവേ അദ്ദേഹത്തിന്റെ മനസ്സും കൈകളും തന്റെ യുവ വധുവിന്റെ ശരീരത്തില്‍ ചലിക്കുകയാണ്. ലൈംഗികതയെ അശ്ലീലത്തിന്റെ പടുകുഴിലേക്ക് തള്ളിവിടുന്ന പുതു തലമുറ സിനിമക്കാര്‍ ഒരുവട്ടമെങ്കിലും കണ്ടിരിക്കേണ്ടാണ് ഈ ചിത്രം.
ഭരതനും പത്മരാജനും ഒരുമിച്ചു ചേര്‍ന്ന ഈ കൂട്ടുകെട്ട് തുടര്‍ന്നങ്ങോട്ട് മലയാളസിനിമക്ക് സല്‍കിയത് കാഴ്ച്ചയുടെ സുവര്‍ണകാലമായിരുന്നു. പത്മരാജന്‍ സ്വതന്ത്ര സംവിധായകനാകുന്നതിനു മുന്‍പേ ഇരുവരും ചേര്‍ന്ന് പല ചിത്രങ്ങളും നിര്‍മ്മിച്ചു. ഇവയില്‍ പ്രധാനം രതിനിര്‍വ്വേദം, തകര എന്നിവയാണ്. ഇതില്‍ തകര ഭരതന്റെ ഏറ്റവും നല്ല ചിത്രമായി കരുതപ്പെടുന്നു.
കൗമാര ലൈംഗിക സ്വപ്‌നങ്ങളെ ചലച്ചിത്രത്തിന്റെ കണ്ണിലൂടെ കൈകാര്യം ചെയ്യുകയായിരുന്നു രതിനിര്‍വ്വേദം. കൗമാര പ്രായത്തിലുള്ള പപ്പു എന്ന കുട്ടി തന്നെക്കാള്‍ പ്രായം ചെന്ന രതി എന്ന അയല്‍ക്കാരിയുമായി പ്രണയത്തിലാവുന്നു. അവരുടെ ബന്ധത്തിന്റെ പൂര്‍ണ്ണതയില്‍ ഒരു വിജനമായ സര്‍പ്പക്കാവില്‍ പാതിരാത്രിയില്‍ ഇവര്‍ ഇണചേരവേ പാമ്പുകടിയേറ്റ് രതി മരിക്കുന്നു. പിറ്റേന്ന് രാവിലെ മരണ വാര്‍ത്ത അറിയാതെ, ഒരു പുരുഷന്‍ ആയി എന്ന ഭാവത്തോടെ പപ്പു കോളേജിലേക്ക് യാത്രയാവുന്നു. തകരയില്‍ ബുദ്ധി വികസിക്കാത്ത ഒരു ചെറുപ്പക്കാരനും അവന്റെ സമൂഹവുമായുള്ള ബന്ധത്തെ ഭരതന്‍ വിശകലനം ചെയ്യുന്നു. തകര, ചെല്ലപ്പനാശാരി എന്നീ കഥാപാത്രങ്ങള്‍ ചലച്ചിത്രപ്രേമികളുടെ മനസ്സില്‍ നിന്ന് ചിത്രം കണ്ടു കഴിഞ്ഞാലും ദശാബ്ദങ്ങളോളം മായാത്ത വിധം തന്മയത്തോടെ അവതരിപ്പിച്ചിരിക്കുന്നു. പത്മരാജന്‍ തന്റെ ജന്മസ്ഥലമായ മുതുകുളത്ത് നടന്ന ഒരു യഥാര്‍ത്ഥ കഥയെ ചലച്ചിത്രം ആക്കുകയായിരുന്നു. പിന്നീട് ഭരതന്‍ ആവാരം പൂ എന്ന പേരില്‍ ഈ ചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിച്ചു.
ഭരതന്റെ മാസ്റ്റര്‍ പീസ് എന്ന് അറിയപ്പെടുന്ന ചിത്രമാണ് വൈശാലി. എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഈ ചലച്ചിത്രം അഭ്രപാളികളില്‍ ദ്യശ്യമികവേടെ എത്തിയത് ഭരതനെന്ന സ്വിധായകനേക്കാള്‍ അദ്ദേഹത്തിന്റെയുള്ളിലെ ചിത്രകാരനായിരിക്കും. ഈ ചിത്രക്കിലെ ഒരോ ഫ്രെയിമും ഭരതന്‍ വരച്ചശേഷമായിരുന്നു ചിത്രികരിച്ചത്. ഒരു ദാസിയുടെ മകളായ വൈശാലി വ്യാത്സ്യായനന്റെ കാമസൂത്രം പഠിച്ചവളാണ്. വിഭാണ്ഡകന്‍ എന്ന മഹര്‍ഷിയുടെ മകനായ ഋഷിശൃംഗനെ ആകര്‍ഷിച്ച് ലോമപാദരാജ്യത്തില്‍ എത്തിച്ച് കൊടിയ വരള്‍ച്ചമാറ്റി മഴപെയ്യിക്കുവാനായി വൈശാലിയെ അയക്കുന്നു. എം.ടി. വൈശാലിക്ക് കഥയില്‍ പ്രാധാന്യം നല്‍കിയപ്പോള്‍ കഥ ഒരു പുതിയ മാനം കണ്ടെത്തുന്നു. ഭരതന് വൈശാലിയുടെ വശ്യ ശരീരം എങ്ങനെ കാട്ടിന്റെ കാനനതയുമായി കൂട്ടിച്ചേര്‍ക്കണം എന്ന് അറിയാമായിരുന്നു. ഇതിന്റെ ഫലം മറക്കാനാവാത്ത ഒരു ക്ലാസിക്ക് ചലച്ചിത്രമാണ്. ഇങ്ങിനെ ഭരതന്റെ ഏത് ചിത്രമെടുത്താലും കാണാന്‍ കഴിയും അതിലെല്ലാം ഒരു ഭരതന്‍ ടച്ച്.
1946 നവംബര്‍ 14ന് വടക്കാഞ്ചേരിയിലായിരുന്നു ഭരതന്റെ ജനനം. അച്ഛന്‍ പാലിശ്ശേരി പരമേശ്വരന്‍ നായര്‍. അമ്മ കാര്‍ത്ത്യായനിയമ്മ. ഭരതന്റെ ഓരോ ഫ്രെയിമും പോലെ ഏറെ മനോഹരമാണ് ഭരതന്റെ ജന്മഗ്രാമവും. സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് അച്ഛന്റെ സഹോദരന്‍ പി.എന്‍ മേനോനില്‍ നിന്നാണ്. തൃശൂര്‍ ഫൈനാട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹത്തിന്റെ സഹായിയായി പരസ്യകലയിലും കലാസംവിധാനത്തിലും പരിചയിച്ച ശേഷമാണ് ഭരതന്റെ സിനിമയിലേക്കുള്ള വഴി തുറന്നത്. ഫൈനാട്‌സ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ പഠനമാണ് ഭരതനിലെ ചിത്രകാരനെ വളര്‍ത്തിയത്. പിന്നീട് താന്‍ ചെയ്ത സിനിമകളുടെ ദൃശ്യമിവുകള്‍ രേഖപ്പെടുത്തുന്നതിന് ഭരതനെ ഇത് സഹായിച്ചുവെന്നുവേണം കരുതാന്‍. അഭ്രപാളികളില്‍ വര്‍ണവസന്തം വിരിയിച്ച ആ കലാകാരന്‍ 1998 ജൂലൈ 30നു മദ്രാസില്‍ വെച്ച് സിനിമയുടെ ലോകത്തുനിന്ന് ഗന്ധര്‍വലോകത്തേക്ക് യാത്രയായി. എവിടെയോ ഒരു ഭരതന്‍ ടച്ച് അവശേഷിപ്പിച്ച്. നിരവധി അവാര്‍ഡുകള്‍ നേടിയ ഭരതന്‍ പിരിഞ്ഞിട്ട് 183 വര്‍ഷമായെങ്കിലും ഇന്നും ഒരു ഭരതന്‍ സിനിമയ്ക്ക് ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ തന്നെയാണ് ഭരതന് ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ്.