അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും രാഷ്ട്രീയ നയങ്ങളും (

08:08 am 29/10/2016

ജോസഫ് പടന്നമാക്കല്‍
Newsimg1_80225543 (1)
അമേരിക്കയുടെ ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന രണ്ടു സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളാണ് ഡമോക്രറ്റും റിപ്പബ്ലിക്കനും. ഡെമോക്രറ്റിക് പാര്‍ട്ടിയെ ആദ്യകാലങ്ങളില്‍ ജെഫേഴ്‌സണ്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1824ല്‍ തോമസ് ജെഫേഴ്‌സന്‍ ഈ പാര്‍ട്ടിയ്ക്ക് രൂപകല്‍പ്പന നല്‍കിയെന്നു വിശ്വസിക്കുന്നു. അമേരിക്കയുടെ ആഭ്യന്തര യുദ്ധകാലത്ത് അടിമത്വവ്യവസ്ഥിതി രാജ്യത്തു തുടരണമെന്നും അത് ഇല്ലാതാക്കണമെന്നും വാദിച്ചിരുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ടായിരുന്നു. അടിമത്വത്തെ കേന്ദ്രീകരിച്ചുകൊണ്ട് പാര്‍ട്ടിയില്‍ വന്ന തീവ്രമായ വിഭാഗിയത ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെന്ന ഒരു പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിന് ജന്മം നല്‍കാന്‍ കാരണമായി. പാര്‍ട്ടിയുടെ തുടക്ക കാലങ്ങളില്‍ ഡമോക്രറ്റുകള്‍ അടിമത്വത്തിനു അനുകൂലികളായിരുന്നു. കഴുതയെ അടയാളമായി പാര്‍ട്ടി തെരഞ്ഞെടുക്കുകയും ചെയ്തു.

യാഥാര്‍ഥ്യബോധമുള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുകയാണെങ്കില്‍ ഡെമോക്രറ്റ് പാര്‍ട്ടിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും തമ്മില്‍ താത്ത്വികമായി വലിയ വ്യത്യാസമില്ലെന്നു കാണാം. രണ്ടു പാര്‍ട്ടികളും പരസ്പര ചേരികളായി നിന്നുകൊണ്ട് അധികാരത്തിനായി വടംവലി കൂടുന്നു. ഒരിക്കല്‍ പ്രസിഡണ്ടായി തെരഞ്ഞെടുത്താല്‍ വീണ്ടും തെരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളും ആരംഭിക്കും. ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടു ചെയ്യുന്നവരെ ഭയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ തിന്മ കുറവുള്ളതാര്‍ക്കാണോ അവര്‍ക്കു വോട്ടു രേഖപ്പെടുത്തുകയായിരിക്കും യുക്തി. ജനങ്ങളുടെ പ്രശ്‌നപരിഹാരത്തെക്കാള്‍ പാര്‍ട്ടിക്കുവേണ്ടിയുള്ള ഫണ്ട് ശേഖരിക്കാനാണ് രണ്ടു പാര്‍ട്ടികളും താല്‍പ്പര്യപ്പെടുന്നത്. കക്ഷിഭേദമേന്യേ നേതാക്കന്മാര്‍ സ്വന്തം താല്പര്യം സംരക്ഷിക്കാനും നിലകൊള്ളുന്നു. ധനികരായവരുടെ ഭീമമായ ഡൊണേഷനും പ്രതീക്ഷിക്കും. ജനങ്ങള്‍ക്കുവേണ്ടി ഭരിക്കാന്‍ ഒരു നേതാവും ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും പാര്‍ട്ടിക്ക് ഇടതുപക്ഷ ചിന്താഗതിയുണ്ടോയെന്നു നിര്‍ണ്ണയിക്കാനും സാധിക്കില്ല. ജനങ്ങളുടെ ആരോഗ്യ സുരക്ഷാ പദ്ധതികള്‍, വിദ്യാഭ്യാസം, തുല്യ ജോലിക്ക് തുല്യ വേതനം, എല്ലാവര്‍ക്കും വേണ്ടിയുള്ള മുതലാളിത്വ വ്യവസ്ഥകള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പരിഗണിച്ചാല്‍ രണ്ടു പാര്‍ട്ടികളും ഇടതുപക്ഷ ചിന്താഗതിക്കാരല്ലെന്നു മനസിലാക്കാം. പാര്‍ട്ടികളുടെ ആശയങ്ങള്‍ കാലത്തിനനുസരിച്ചു മാറുകയും ചെയ്യും. ഉദാഹരണമായി ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയുടെ വടക്കുള്ളവരും പടിഞ്ഞാറുള്ളവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ടു ചെയ്തിരുന്നു. തെക്കുള്ളവരും കുടിയേറ്റക്കാരും ഡെമോക്രറ്റുകളെയായിരുന്നു പിന്തുണച്ചിരുന്നത്. പിന്നീട് ഡെമോക്രറ്റ് പാര്‍ട്ടി ബ്ലൂകോളര്‍ ജോലിക്കാരുടെ മേല്‍ ആധിപത്യം സ്ഥാപിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെള്ളക്കാരുടെമേലും പ്രബലരായി. 1960കളില്‍ ഡെമോക്രറ്റുകള്‍ കറുത്തവരുടെ പിന്തുണ മുഴുവന്‍ നേടുകയും തെക്കുള്ള വെളുത്തവരുടെ പിന്തുണ നഷ്ടപ്പെടുത്തുകയും ചെയ്തു.

ആഭ്യന്തര യുദ്ധം പൊട്ടിപുറപ്പെടുന്നതിനു മുമ്പുതന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രമാരംഭിച്ചിരുന്നു. അതുകൊണ്ടാണ് ജി. ഓ. പി അഥവാ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പറയുന്നത്. അടിമത്വം അവസാനിപ്പിക്കുകയെന്നത് ഈ പാര്‍ട്ടിയുടെ ലക്ഷ്യമായിരുന്നു. 1860ല്‍ എബ്രഹാം ലിങ്കണ്‍ പ്രസിഡണ്ടായ നാള്‍ മുതലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മഹത്വം വന്നത്. 1874ല്‍ ഈ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നവര്‍ ആനയെ പാര്‍ട്ടിചിഹ്നമായി സ്വീകരിച്ചിരുന്നു.

ഓരോ തെരഞ്ഞെടുപ്പു വരുമ്പോഴും വോട്ടു ബാങ്കിനായി ഇരു പാര്‍ട്ടികളും നികുതിയിളവുകളെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. അത്തരം നികുതിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ നിലപാടുകളാണ് രണ്ടു പാര്‍ട്ടികള്‍ക്കുമുള്ളത്. മിഡില്‍ ക്ലാസ്സിനും താണ വരുമാനക്കാര്‍ക്കും ഉദാരമായ നികുതിയിളവ് നല്‍കണമെന്ന് ഡെമോക്രറ്റുകള്‍ ആഗ്രഹിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍കിട കോര്‍പ്പറേഷനും ധനികരായ വ്യക്തികള്‍ക്കും തുല്യമായിത്തന്നെ നികുതിയിളവ് നല്‍കണമെന്നു വാദിക്കുന്നു. വരുമാനത്തിന്റെ അടിസ്ഥാനം കല്‍പ്പിക്കാതെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ തുല്യമായ നികുതിയിളവ് നല്‍കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചിന്തിക്കാറുള്ളത്.

സാമൂഹികമായ മാറ്റങ്ങളിലും ഡമോക്രറ്റുകളും റിപ്പബ്ലിക്കന്‍ പാര്‍ട്ടികളും തമ്മില്‍ വലിയ അന്തരമുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ക്ക് കൂടുതലും യാഥാസ്ഥിക മനസ്സാണുള്ളത്. ഇവരെ വലതുപക്ഷ ചിന്താഗതിക്കാരെന്നു പറയാമോയെന്നറിയില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നു. പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹങ്ങള്‍ക്കു മാത്രം പ്രോത്സാഹനം നല്‍കുന്നു. ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നു. തോക്കുകള്‍ സ്വന്തം ആക്കുന്നതിലും അതിന്റെ നിയന്ത്രണവും പാലിക്കുന്നു. തികച്ചും യാഥാസ്ഥിതിക ചിന്താഗതിക്കാരാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ കൂടുതലായുമുള്ളത്.

ജോലിസ്ഥലങ്ങളില്‍ കുറഞ്ഞ വേതനം (minimum wage) വര്‍ദ്ധിപ്പിക്കുന്ന ചര്‍ച്ചകളില്‍ പൊതുവെ റിപ്പബ്ലിക്കന്മാര്‍ എതിര്‍ക്കുകയാണ് പതിവ്. ബിസിനസുകാരുടെ ബാധ്യത കൂടുകയും അതുമൂലം ബിസിനസുകളും കോര്‍പ്പറേഷനുകളും ആദായമില്ലാതെയോ നഷ്ടത്തിലോടുകയോ ചെയ്യുമെന്നും ബിസിനസുകള്‍ നിര്‍ത്തലാക്കേണ്ടി വരുമെന്നും റിപ്പബ്ലിക്കന്മാര്‍ വാദിക്കുന്നു. മിനിമം വേജ് വര്‍ദ്ധനയുണ്ടായില്ലെങ്കില്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ അവസരമുണ്ടാകുമെന്നും കരുതുന്നു. ബിസിനസുകളും കോര്‍പ്പറേഷനുകളും ലാഭത്തില്‍ കൊണ്ടുവരാനും സാധിക്കും. വിലപ്പെരുപ്പം തടയാനും ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വില കുറച്ചു വില്‍ക്കാനും സാധിക്കും. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പൊതുവെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും. കമ്പനികളുടെയും വ്യവസായങ്ങളുടെയും ചെലവുകള്‍ കുറയ്ക്കാനുള്ള സാഹചര്യങ്ങള്‍ പ്രദാനം ചെയ്യുകയും ബിസിനസ്സുകള്‍ ആദായകരമാക്കാനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. അതേ സമയം ഡെമോക്രറ്റുകള്‍ മിനിമം വേതനം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ സാധാരണക്കാരുടെ കൈവശവും വരുമാനം വര്‍ദ്ധിക്കുകവഴി ഉപഭോഗ വസ്തുക്കള്‍ വാങ്ങിക്കാനുള്ള വിഭവശേഷിയുമുണ്ടാകും. കമ്പനികളില്‍ ജോലിക്കാരെ പിരിച്ചുവിടാതെ ജോലിസ്ഥിരതയും സംരക്ഷണവും ശ്രദ്ധിക്കുന്നു. ഡെമോക്രറ്റുകള്‍ ആരോഗ്യ സുരക്ഷാപദ്ധതികളില്‍ (Health care) കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുകയും സര്‍ക്കാരിന്റെ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ഒബാമയുടെ അഫോര്‍ഡബിള്‍ ഹെല്‍ത്ത് പ്ലാന്‍ (Affordable Health Plan)അതിലൊന്നാണ്. അതനുസരിച്ചു ആരോഗ്യ സുരക്ഷാ പദ്ധതി എല്ലാവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍കാര്‍ ചിന്തിക്കുന്നത് ഒബാമയുടെ സുരക്ഷതാപദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് കാര്യമായി ഗുണപ്രദമാകില്ലന്നാണ്. സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കാത്തവിധം വലിയ പ്രീമിയവും കോ പേയ്‌മെന്റും ആരോഗ്യ സുരക്ഷിതാ പദ്ധതികള്‍ക്ക്(Health Insurance) നല്‍കണം.

ഡെമോക്രറ്റുകള്‍ സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കുമായി കൂടുതല്‍ സാമ്പത്തിക സഹായ ക്ഷേമ പരിപാടികള്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. തൊഴിലില്ലായ്മ വേതനം, ഫുഡ് സ്റ്റാമ്പ്, മെഡിക്കെയിഡ്, ദുര്‍ബലരായവര്‍ക്കുള്ള സഹായം മുതലാവകള്‍ ഡെമോക്രറ്റ് അനുകൂലിക്കുന്നു. ജനങ്ങളില്‍ നിന്ന് സംഭരിക്കുന്ന നികുതി കൂടുതലും അത്തരം ക്ഷേമകാര്യങ്ങളില്‍ വിനിയോഗിക്കാനുള്ള നയങ്ങളാണ് ഡമോക്രറ്റുകള്‍ക്കുള്ളത്. റിപ്പബ്ലിക്കന്‍സും ഈ സാമൂഹിക പദ്ധതികള്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അത്തരം കാര്യങ്ങളില്‍ ഫണ്ട് കുറക്കുകയും കൂടുതല്‍ നിയന്ത്രണം ആഗ്രഹിക്കുകയും ചെയ്യുന്നു. ക്ഷേമ പദ്ധതികള്‍ മാനേജ് ചെയ്യാന്‍ െ്രെപവറ്റ് കമ്പനികളെ ഏല്‍പ്പിക്കുകയും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വിദേശ നയങ്ങളിലും നയരൂപീകരണങ്ങളിലും രണ്ടു പാര്‍ട്ടികളും സമദൂരം പാലിക്കുന്നതായി കാണാം. വിദേശ രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ അവിടെ അമേരിക്കയുടെ പട്ടാളയിടപെടല്‍ ആവശ്യമായി വരുകയാണെങ്കില്‍ ഡെമോക്രറ്റുകള്‍ പൊതുവെ പ്രശ്‌നമുള്ള സ്ഥലത്തേയ്ക്ക് മാത്രമേ പട്ടാളത്തെ അയക്കാന്‍ താല്പര്യപ്പെടുകയുള്ളൂ. ചുരുങ്ങിയ പട്ടാളശക്തിയെ മാത്രമേ പ്രശ്‌ന സങ്കീര്‍ണ്ണമായ പ്രദേശത്തേയ്ക്ക് അയക്കാറുള്ളൂ. എന്നാല്‍ റിപ്പബ്ലിക്കന്‍ ചരിത്രം അങ്ങനെയല്ല. ആ രാജ്യത്തിന്റെ ഭരിക്കുന്ന ഏകാധിപതിയെ പുറത്താക്കാന്‍ വലിയ സൈന്യവ്യൂഹത്തിനെ പ്രശ്‌നങ്ങളുള്ള രാജ്യത്തിലേക്ക് അയക്കും. ഇറാഖിലെയും ലിബിയായിലെയും ചരിത്ര സംഭവങ്ങള്‍ അതിനുദാഹരണങ്ങളാണ്. യാതൊരു തത്ത്വദീക്ഷയുമില്ലാത്ത ഏകാധിപതികള്‍ സ്വന്തം ജനതയ്ക്കും അയല്‍രാജ്യങ്ങള്‍ക്കും ഭീക്ഷണിയുമായിരിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ സഹായം എത്തിക്കാന്‍ രണ്ടു പാര്‍ട്ടികള്‍ക്കും താല്പര്യമാണ്. എന്നാല്‍ ആ സഹായം ആര്‍ക്ക്, എങ്ങനെയെന്നുള്ള തീരുമാനങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്.

പരിസ്ഥിതി സംരക്ഷണത്തെപ്പറ്റിയും ഊര്‍ജത്തെപ്പറ്റിയുമുള്ള വിഷയങ്ങളില്‍ ഇരുപാര്‍ട്ടികളും തുറന്ന സംവാദങ്ങളും ഏറ്റുമുട്ടലുകളും നടത്താറുണ്ട്. ഓയിലുകളും പെട്രോളിയം ഉല്‍പ്പന്നങ്ങളും കല്‍ക്കരിയും അമേരിക്കന്‍ മണ്ണില്‍നിന്നു ഖനനം ചെയ്യുന്നതില്‍ ഡെമോക്രറ്റുകള്‍ക്കു താല്പര്യമില്ല. ഫോസ്സിലുകളും മറ്റു ദ്രവവസ്തുക്കളും കൈകാര്യം ചെയ്യുന്ന മൂലം ഈ ഭൂമിയും പരിസ്ഥിതിയും പാടെ നശിക്കാനിടയാകുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പരിസ്ഥിതി ഒരു പ്രശ്‌നമല്ല. ഊര്‍ജം സ്വയം സമാഹരിക്കുന്നതില്‍ക്കൂടി സാമ്പത്തികം കൈവരിക്കണമെന്ന ലക്ഷ്യമാണ് അവര്‍ക്കുള്ളത്. അമേരിക്കന്‍ മണ്ണില്‍നിന്നും ഊര്‍ജം ഖനനം ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണ്. അതുമൂലം പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കുകയും ചെയ്യും. പരിസ്ഥിതി വാദികളുടെ വൈകാരികതയെ അവര്‍ കണക്കാക്കുന്നുമില്ല. ഊര്‍ജ്ജത്തിനു പകരമായി സോളാര്‍ എനര്‍ജിയും മറ്റും ഉല്‍പ്പാദിപ്പിക്കാന്‍ ഡെമോക്രറ്റുകള്‍ പദ്ധതികളിടുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അത് പ്രായോഗികമല്ലെന്ന് വാദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.

വിദ്യാഭ്യാസ നയങ്ങളെ സംബന്ധിച്ച് ഇരു പാര്‍ട്ടികളും പുരോഗമനപരമായ പരിവര്‍ത്തനങ്ങള്‍ വേണമെന്നുള്ള അഭിപ്രായങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ആശയ വൈരുദ്ധ്യങ്ങള്‍ റിപ്പബ്ലിക്കരിലും ഡെമോക്രറ്റിലും ഒരുപോലെ പ്രകടമാണെന്നു മാത്രം. പാരമ്പര്യത്തെ മുറുകെ പിടിച്ചുള്ള യാഥാസ്ഥിതിക ചിന്താഗതികളാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. അതില്‍ മതപഠനവും ഉള്‍പ്പെടും. സ്കൂള്‍ തലങ്ങളിലും കോളേജ് തലങ്ങളിലും കൂടുതല്‍ വിഷയങ്ങളില്‍ പ്രാവീണ്യം നേടാനും വിദ്യാര്‍ഥികളുടെ തൊഴിലധിഷ്ഠിതമായ പ്രായോഗിക പദ്ധതികള്‍ നടപ്പാക്കാനുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നത്. പഠിക്കുന്ന വിഷയങ്ങള്‍ കൂടാതെ മാനസിക വികസനത്തിനായുള്ള കൂടുതല്‍ പ്രോഗ്രാമുകളും വിദ്യാഭ്യാസ പാഠ്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പബ്ലിക്കര്‍ ചിന്തിക്കുന്നു. അതിനായി കൂടുതല്‍ മണിക്കൂറുകള്‍ വിദ്യാര്‍ഥികള്‍ സ്കൂളുകളില്‍ ചെലവാക്കേണ്ടി വരും. വിദ്യാഭ്യാസപരമായ വായ്പ്പകളും ഗ്രാന്റും നല്‍കുന്നതിലും രണ്ടു പാര്‍ട്ടികളിലും അഭിപ്രായ ഭിന്നതകളുണ്ട്. ഡെമോക്രറ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ വായ്പ്പയും ഗ്രാന്റും നല്‍കാനാഗ്രഹിക്കുമ്പോള്‍ റിപ്പബ്ലിക്കന്‍പാര്‍ട്ടി അത്തരം സാമ്പത്തിക കാര്യങ്ങള്‍ സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാന്‍ താല്പര്യപ്പെടുന്നു.

കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാവുന്നവരെ കഠിനമായി ശിക്ഷിക്കണമെന്ന മനോഭാവമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളത്. മയക്കു മരുന്ന് ബിസിനസുമായി മുഴുകിയിരിക്കുന്നവര്‍ക്ക്, കഠിനമായ ശിക്ഷയും നല്‍കണമെന്നു വാദിക്കുന്നു. തൂക്കിക്കൊലയ്ക്കും അനുകൂലമാണ്. ഡെമോക്രറ്റുകള്‍ അക്കാര്യത്തില്‍ കൂടുതല്‍ വിശാലമനസ്ക്കതയോടെ ചിന്തിക്കുന്നവരാണ്. മയക്കുമരുന്നിനടിമപ്പെടുന്നവര്‍ രാജ്യത്തിനു അപകടകാരികളല്ലെന്നുള്ള വാദമാണ് ഡെമോക്രറ്റിനുള്ളത്. അവരെ പുനരധിവസിപ്പിക്കുകയോ ചെറിയ ശിക്ഷകള്‍ നല്‍കി മാതൃകാപരമായി ജീവിക്കാന്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയോ വേണമെന്ന് ഡെമോക്രറ്റുകള്‍ ആഗ്രഹിക്കുന്നു. അതിനായി കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികളുമുണ്ട്. വധശിക്ഷയെ പൂര്‍ണ്ണമായും എതിര്‍ക്കുകയും ചെയ്യുന്നു.

ഹില്ലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രമ്പുമായുള്ള രണ്ടാമത്തെ ഡിബേറ്റില്‍ ഹില്ലരിയുടെ ഇമെയില്‍ (email) വിവാദം ചര്‍ച്ചകളില്‍ വന്നിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടാവുകയാണെങ്കില്‍ ഇമെയില്‍ ആരോപണങ്ങളെ ഗൗരവമായി പരിഗണിക്കുമെന്നും അതിനായി അന്വേഷിക്കാന്‍ ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നുമുള്ള ട്രമ്പിന്റെ ഭീക്ഷണികളും ഡിബേറ്റിനെ ചൂടുള്ളതാക്കുകയും അത് വ്യക്തിപരമായ ആക്രമങ്ങളിലേയ്ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഔദ്യോഗിക കാര്യങ്ങളിലെ എഴുത്തുകുത്തുകള്‍ സര്‍ക്കാരിന്റെ ഈമെയില്‍ സെര്‍വറില്‍ക്കൂടി കൈകാര്യം ചെയ്യേണ്ടത് ഹിലരി തന്റെ സ്വകാര്യ ഈമെയിലില്‍ക്കൂടി നിര്‍വഹിച്ചത് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ക്രിമിനല്‍ കുറ്റങ്ങളിലേയ്ക്കുവരെ വഴിയൊരുക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നമായി തീരുകയും ചെയ്തു. ഇമെയില്‍ വിവാദമെന്നുള്ളത് സാധാരണക്കാര്‍ക്ക് മനസിലാക്കുക പ്രയാസമാണ്. അതൊരു കുറ്റാരോപണമാകുന്നതെങ്ങനെയെന്നും ചിന്താ വിഷയമാകാം. സാധാരണ പോസ്റ്റ് ഓഫീസുകളില്‍ എഴുത്തു കുത്തുകള്‍ വരുന്നപോലെ തന്നെയാണ് കംപ്യൂട്ടറുകളിലുള്ള ഡിജിറ്റല്‍ മെയിലുകളുടെ പ്രവര്‍ത്തനവും. സെര്‍വറുകളില്‍ വരുന്ന മെയിലുകള്‍ സോര്‍ട്ട് ചെയ്യുന്നതിന് ഡിജിറ്റല്‍ പോസ്റ്റ് മാസ്റ്ററും കാണും. അയാളുടെ ജോലി പോസ്റ്റാഫിസിനു തുല്യം തന്നെയാണ്. സഹായിക്കാന്‍ സഹായികളും കാണും. അവര്‍ ഇമെയില്‍ നിയന്ത്രിക്കാന്‍ പ്രഗത്ഭരുമായിരിക്കണം. ഹിലരിയ്ക്ക് സ്വന്തം പേരിന്റെകൂടെ ‘കോം’ അഡ്രസ് ഉള്‍പ്പെടുത്തി സ്വകാര്യമായ ഈമെയില്‍ സെര്‍വറുണ്ടായിരുന്നു. വരുന്ന ഇമെയിലുകളും പോവുന്ന ഇമെയിലുകളും കൈകാര്യം ചെയ്യാന്‍ ജോലിക്കാരുമുണ്ടായിരുന്നു. സ്വകാര്യ ഇമെയില്‍ സെര്‍വറായതുകൊണ്ടു ആവശ്യമായ സുരക്ഷിതാ സംവിധാനം ഉണ്ടായിരുന്നുവോയെന്നും വ്യക്തമല്ല. ഹിലരി, സ്‌റ്റേറ്റിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഈ ജോലി പരിചയമുള്ള ഫെഡറല്‍ ഗവണ്മെന്റ് ജോലിക്കാരായിരുന്നു മാനേജ് ചെയ്യേണ്ടിയിരുന്നത്. സ്‌റ്റേറ്റിന്റെ കമ്പ്യൂട്ടര്‍ സെര്‍വറില്‍ക്കൂടി ഇമെയിലുകള്‍ വരുകയും പോവുന്നതിനും പകരം ആ ജോലി നിര്‍വഹിച്ചിരുന്നത് ഹിലരിയുടെ കമ്പ്യൂട്ടറിലുള്ള സ്വന്തം സെര്‍വറായിരുന്നു.

ഹിലരിയ്ക്കു സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഇമെയില്‍ അഡ്രസ് ലഭിച്ചപ്പോള്‍ അവരുടെ സ്റ്റാഫ് അത് ഉപയോഗിക്കുകയുണ്ടായില്ല. പകരം സ്വകാര്യ സെര്‍വറില്‍ വരുന്ന കത്തിടപാടുകള്‍ കൈകാര്യം ചെയ്തിരുന്നു. സര്‍ക്കാരിനു വരുന്ന ഔദ്യോഗിക ഇമെയിലുകള്‍ മുഴുവന്‍ റീഡയറക്റ്റ് (ഞലറശൃലര)േചെയ്ത് സ്വന്തം ഇമെയില്‍ സെര്‍വറില്‍ എത്തുമായിരുന്നു. ഇമെയിലുകള്‍ കൈകാര്യം ചെയ്യാന്‍ പാര്‍ട്ട് ടൈം ജോലിക്കാരുമുണ്ടായിരുന്നു.

എന്തുകൊണ്ടാണ് ഹിലരി െ്രെപവറ്റ് സെര്‍വര്‍ ഉപയോഗിച്ചതെന്ന് തര്‍ക്കവിഷയമാണ്. ആര്‍ക്കും വ്യക്തമായ ഒരു ഉത്തരം നല്‍കാനും സാധിക്കുന്നില്ല. അവര്‍ക്ക് സ്‌റ്റേറ്റിന്റെ വകയും സ്വന്തമായുള്ളതുമായ രണ്ടു ടെലഫോണ്‍ ഒരേ സമയം ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകളും കാരണമായി ചൂണ്ടി കാണിക്കുന്നുണ്ട്. സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഫോണില്‍ സ്‌റ്റേറ്റിനോടനുബന്ധിച്ചുള്ള ഇമെയിലുകള്‍ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഹിലരി ക്ലിന്റന്റെ ഫോണില്‍ െ്രെപവറ്റായ ഇമെയിലും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഇമെയിലും ഒന്നിച്ചായപ്പോള്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. ക്ലിന്റന്റെ സ്വകാര്യ ഈമെയില്‍ സെര്‍വര്‍ സ്‌റ്റേറ്റിന്റെ ഇമെയില്‍ സെര്‍വറിനെപ്പോലെ സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടു ശത്രു രാജ്യങ്ങളിലെ ചാരന്മാര്‍ സ്വകാര്യ സെര്‍വറില്‍നിന്നു രഹസ്യങ്ങള്‍ ചോര്‍ന്നുവോയെന്നും സംശയങ്ങള്‍ നിഴലിക്കുന്നുണ്ട്.ഹിലരി ക്ലിന്റന്റെ സ്വകാര്യ സെര്‍വര്‍ ആരെങ്കിലും ഹായ്ക്ക് ചെയ്തുവോയെന്നും തെളിവുകളില്ല. എന്നാല്‍ ഹാക്ക് ചെയ്യുന്നവര്‍ ഇമെയില്‍ പോകുന്ന വഴികള്‍ മറച്ചുവെയ്ക്കുന്നതിനും സമര്‍ത്ഥരാണ്. ഹാക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്നും എഫ്. ബി.ഐ വിചാരിക്കുന്നു. 2016 ജൂലൈയില്‍ എഫ്. ബി. ഐ നടത്തിയ അന്വേഷണത്തില്‍ 81 ഇമെയിലുകള്‍ അതി രഹസ്യങ്ങളായതു കണ്ടു. പക്ഷെ ആ ഇമെയിലുകള്‍ ദേശീയ സുരക്ഷിതത്വത്തിനു ഭീക്ഷണിയായിരുന്നുവോയെന്ന് വ്യക്തമല്ല. ക്ലിന്റന്റെ ഭാഗത്തുനിന്നും അസാധാരണമായ വീഴ്ചവരുത്തലും ശ്രദ്ധക്കുറവും സംഭവിച്ചുവെന്ന് എഫ്. ബി. ഐ ചൂണ്ടി കാണിച്ചിരുന്നു.

എഫ്. ബി. ഐ അന്വേഷണം തുടങ്ങിയപ്പോള്‍ ക്ലിന്റന്റെ സ്വകാര്യ കമ്പ്യൂട്ടര്‍ സെര്‍വറില്‍നിന്നും ഇമെയിലുകള്‍ മുഴുവന്‍ നീക്കം ചെയ്തിരുന്നു. ക്ലിന്റണ്‍ ഫൗണ്ടേഷനു ലഭിച്ച ഡൊണേഷനില്‍ തിരിമറികളുണ്ടെന്നും അതു പുറംലോകം അറിയാതിരിക്കാനാണ് ഇമെയിലുകള്‍ സെര്‍വറില്‍ നിന്നും നീക്കം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.

ട്രംപിനെപ്പറ്റിയുള്ള അധിക്ഷേപങ്ങളില്‍ മുഖ്യമായുള്ളത് ലൈംഗികപരമായിട്ടുള്ളതാണ്. വാഷിംഗ്ടണ്‍ പോസ്റ്റ് ഒരു വീഡിയോ പുറത്തിറക്കിയ സമയം മുതലാണ് ട്രംപ് ലൈംഗിക അപവാദങ്ങളുമായി പ്രശ്‌നങ്ങളില്‍ അകപ്പെട്ടത്. അതിലുള്ള സംഭാഷണങ്ങളാണ് അദ്ദേഹത്തെ ലൈംഗിക കുരുക്കില്‍ അകപ്പെടുത്തിയത്. ട്രംപിന്റെ സംഭാഷണം തികച്ചും ലൈംഗികത നിറഞ്ഞതും ജുഗുപ്‌സാവഹവുമായിരുന്നു. സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുള്ള വാക്കുകളും സംഭാഷണത്തിലുണ്ടായിരുന്നു. ഇതില്‍ കുപിതരായ റിപ്പബ്ലിക്കിലെ നേതാക്കള്‍ പലരും ട്രംപിനുള്ള പിന്തുണ പിന്‍വലിച്ചു. ഈ സംഭാഷണം രഹസ്യമായ മുറിയില്‍ വെച്ചായിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യം മുഴുവന്‍ അലയടിച്ചിരുന്നു. ഇരുപതും മുപ്പതും വര്‍ഷങ്ങളോളം രഹസ്യയറകളില്‍ സൂക്ഷിച്ചുവെച്ചശേഷം പുറത്തുവിട്ട ഈ ആരോപണങ്ങള്‍ ട്രംപിന്റെ വ്യക്തിജീവിതത്തെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ബാധിച്ചിട്ടുണ്ട്.

രണ്ടാമത്തെ ഡിബേറ്റില്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പറോട് (CNN host Anderson Cooper) ട്രംപ് ഒരു സ്ത്രീകളെയും പീഡിപ്പിച്ചിട്ടില്ലെന്നു പറഞ്ഞു. ഉടന്‍തന്നെ ന്യുയോര്‍ക്ക് ടൈംസ് ട്രംപ് പീഡിപ്പിച്ച രണ്ടു സ്ത്രീകളുടെ കഥകളുമായി പത്രറിപ്പോര്‍ട്ട് ചെയ്തു. ഒരു സംഭവം 1980ലും മറ്റേ സംഭവം 2005ലുമായിരുന്നു. ഇതെല്ലാം പ്രതിയോഗികള്‍ക്ക് ലൈംഗികതയുടെ പേരില്‍ ബ്‌ളാക്ക് മെയിലു ചെയ്യാനും ട്രംപിന്റെ വിജയസാദ്ധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കാനും സാധിച്ചു. പത്രവാര്‍ത്തകള്‍ മുഴുവന്‍ തന്നെ ട്രംപിന് അനുകൂലമല്ല. അദ്ദേഹത്തെപ്പറ്റിയുള്ള ലൈംഗികാരോപണങ്ങള്‍ അടിസ്ഥാനരഹിതങ്ങളെന്നു പറഞ്ഞുകൊണ്ട് ആരോപണങ്ങളെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടി തള്ളിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രംപിന്റെ ആദ്യ ഭാര്യയായ ഐവാനെയും വൈവാഹിക ബന്ധത്തില്‍ പീഡിപ്പിച്ചിരുന്നുവെന്നു ആരോപണം ഉണ്ടായിരുന്നു. ഇങ്ങനെ അപവാദങ്ങളുടെ നീണ്ട ഒരു കഥ തന്നെ ട്രംപിനുണ്ട്. ഇതെല്ലാം രാഷ്ട്രീയ ബ്‌ളാക്ക് മെയിലോ സത്യങ്ങളോയെന്നു നാളിതുവരെ തെളിഞ്ഞിട്ടില്ല. ആരോപണങ്ങള്‍ സ്ഥിതികരിക്കാന്‍ ഒരു ഡോക്കുമെന്റും ഹാജരാക്കിയിട്ടുമില്ല.

ട്രംപ് സ്വന്തം പേരില്‍ റിയല്‍ എസ്‌റ്റേറ്റ് വിഷയങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ ഒരു യൂണിവേഴ്‌സിറ്റി തുടങ്ങിയിരുന്നു. റീയല്‍ എസ്‌റ്റേറ്റില്‍ എങ്ങനെ ലാഭമുണ്ടാക്കാമെന്ന രഹസ്യങ്ങളടങ്ങിയ കോഴ്‌സുകള്‍ പഠിപ്പിക്കുമെന്നും വാഗ്ദാനങ്ങളിലുണ്ടായിരുന്നു. പക്ഷെ അതെല്ലാം കബളിപ്പിക്കലായിരുന്നുവെന്നു അവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. 35000 ഡോളറായിരുന്നു ഒരാളിന്റെ ഫീസ്. യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചുള്ള മറ്റു അഴിമതികളും പുറത്തുവന്നു. അത് സര്‍ക്കാരിന്റെ നിബന്ധനങ്ങള്‍ അനുസരിച്ചു രജിസ്റ്റര്‍ ചെയ്ത യൂണിവേഴ്‌സിറ്റിയായിരുന്നില്ല. ലൈസന്‍സില്ലാത്ത സ്കൂളായതുകൊണ്ടു യൂണിവേഴ്‌സിറ്റിയുടെ പേര് പിന്നീട് ‘ട്രമ്പ് എന്റര്‍പ്രെന്യൂര്‍ ഇനിഷ്യയെറ്റിവ് ലൈസന്‍സ്’ (“Trump Etnrepreneur Initiative,”) എന്നാക്കി. 2010 ല്‍ സ്കൂള്‍ നിര്‍ത്തല്‍ ചെയ്തു. വിദ്യാര്‍ത്ഥികള്‍ ട്യൂഷന്‍ ഫീ മടക്കികിട്ടാനായി യൂണിവേഴ്‌സിറ്റിയ്‌ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2016ല്‍ നടക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് മത്സരം ബഹുജനധാര്‍മ്മിക രോഷമുണര്‍ത്തുന്ന പ്രവൃത്തികളുടെയും മാനഹാനികളുടെയും അപകീര്‍ത്തിപ്പെടുത്തലുകളുടെയും തെരഞ്ഞെടുപ്പ് വര്‍ഷമായിരുന്നു. ദുഷിച്ച പ്രചരണങ്ങളോടുകൂടിയ ഈ തെരഞ്ഞടുപ്പ് 1884നു ശേഷം ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. 1884 ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെയിംസ് ബ്ലായിന്റെ (ഖമാല െയഹമശില) ബിസിനസിലെ അഴിമതികളും പ്രസിഡണ്ടായി വിജയിച്ച ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഗ്രോവര്‍ ക്‌ളീവുലന്ഡിന്റെ (Grover Cleveland) അവിഹിത ബന്ധത്തിലുള്ള കുട്ടിയെപ്പറ്റിയും അന്നത്തെ തെരഞ്ഞെടുപ്പു വേളകളിലുള്ള ചര്‍ച്ചാ വിഷയങ്ങളായിരുന്നു. നമുക്കാവശ്യമായുള്ളത് ജനങ്ങളുടെ മനസിനെ ഉള്‍ക്കൊള്ളാനും താല്പര്യങ്ങള്‍ സംരക്ഷിക്കാനും തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ളതുമായ ഒരു പ്രസിഡണ്ടിനെയാണ്. ഉചിതമായ അത്തരം തീരുമാനങ്ങള്‍ സമയകാലധിഷ്ഠിതമനുസരിച്ച് യാഥാസ്ഥിതികമോ ലിബറലോ ആയിരിക്കാം. വോട്ടു ചെയ്യുന്നവര്‍ ആരുടേയും വൈകാരികമായ നയപരിപാടികളല്ല ഉള്‍ക്കൊള്ളേണ്ടത്. നാം അവരുടെ വേതാള വാഗ്ദാനങ്ങള്‍ ശ്രവിക്കേണ്ടയാവശ്യവുമില്ല.