അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിനായുളള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

08:03am 15/5/2016
– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_99164471
ഡാലസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30­-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് 2016 ജൂലൈ 20 മുതല്‍ 23 വരെ മേരിലാന്റ് എമിറ്റ്‌സ് ബര്‍ഗ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ഹാളില്‍ വെച്ച് നടത്തുന്നതിനുളള ഒരുക്കങ്ങള്‍ പുരോഗമിച്ചു വരുന്നു.

ശ്രേഷ്ഠ കാതോലിക്ക, ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ സാന്നിദ്ധ്യത്തിലും യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിലും നടത്തപ്പെടുന്ന ഈ കുടുംബ സംഗമത്തില്‍ ഇതര സഭകളിലേയും സാമൂഹ്യ സാംസ്കാരിക മേഖലകളിലേയും പല വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

യാക്കൂബ് മാര്‍ അന്തോനിയോസ് മെത്രാപ്പോലീത്താ, റവ. ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ക്ക് പുറമേ പ്രസിദ്ധ ധ്യാന ഗുരുവും വചന പ്രഘോഷകനുമായ വെരി റവ. ജേക്കബ് ചാലിശേരില്‍ കോര്‍ എപ്പിസ്‌കോപ്പായും മുഖ്യ പ്രഭാഷണം നടത്തും.

കുടുംബ മേളയുടെ സമാപന ദിനമായ ഞായര്‍ ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും മെത്രാപ്പോലീത്താമാര്‍, കോര്‍ എപ്പിസ്‌കോപ്പാമാര്‍, വൈദികര്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും കുര്‍ബാന അര്‍പ്പിക്കുന്നതിനാവശ്യമായ വിപുലമായ ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്ന് കോര്‍ഡിനേറ്റര്‍മാരായ റവ. ഫാ. എബി മാത്യു, റവ. ഫാ. വര്‍ഗീസ് പോള്‍ എന്നിവര്‍ അറിയിച്ചു.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് മെത്രാപ്പോലീത്താമാര്‍, വൈദീകര്‍, ശെമ്മാശന്മാര്‍, സഭാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം കൊടുത്ത് ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ തനി കേരളീയ പാരമ്പര്യം വിളിച്ചറിയിക്കും വിധത്തിലുളള വേഷവിതാനങ്ങളോടെ വിശ്വാസികളെ അണിനിരത്തി കൊണ്ട് നടത്തപ്പെടുന്ന ഘോഷയാത്ര എത്രയും മനോഹരമാക്കി തീര്‍ക്കപ്പെടുന്ന ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ജോര്‍ജ് ഏബ്രഹാം അറിയിച്ചു.

ഭദ്രാസനത്തിലെ വിവിധ ദേവായങ്ങളില്‍ നിന്നുമായി ഇതിനോടകം തന്നെ നൂറ് കണക്കിന് വിശ്വാസികള്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇനിയും കൂടുതലംഗങ്ങള്‍ എത്രയും വേഗം രജിസ്ട്രര്‍ ചെയ്ത് ഈ വര്‍ഷത്തെ കുടുംബ മേള വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിക്കണമെന്നും രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍ ഷെവലിയാര്‍ ഏബ്രഹാം മാത്യു ഓര്‍മ്മിപ്പിച്ചു.

ന്യുയോര്‍ക്കിലെ വിപ്പനിയില്‍ സ്ഥിതി ചെയ്യുന്ന ഭദ്രാസന ആസ്ഥാനത്ത് ഈ വര്‍ഷം നടപ്പാക്കുവാനുദ്ദേശിക്കുന്ന വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്ലാനും മറ്റു വിവരങ്ങളും ഉള്‍ക്കൊളളിച്ചുകൊണ്ടുളള ഡിജിറ്റല്‍ പ്രസന്റേഷനും കോണ്‍ഫറന്‍സിനോടനുബന്ധിച്ച് തന്നെ നടത്തപ്പെടുന്നതാണ്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.