അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിനിര്‍ഭരമായ തുടക്കം

– മാര്‍ട്ടിന്‍ വിലങ്ങോലില്‍
06:31pm 23/7/2016
Newsimg1_64777517
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി മുപ്പതാമത് യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫറന്‍സ് മേരിലാന്റ് മൗണ്ട് സെന്റ് മേരീസ് യൂണിവേഴ്‌സിറ്റി ഹാളില്‍ ശ്രേഷ്ഠ കതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമനസ്സുകൊണ്ട് തിരി തെളിയിച്ച് തുടക്കംകുറിച്ചു. അതിഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും, വിശിഷ്ടാതിഥികളായ റവ.ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ (കപ്പൂച്ചിന്‍ സഭ), വെരി റവ. ജേക്കബ് ചാലിശേരില്‍ കോര്‍എപ്പിസ്‌കോപ്പ, വന്ദ്യ വൈദീകര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍ എന്നിവരുടേയും സാന്നിധ്യത്തില്‍ നടത്തപ്പെട്ട ചടങ്ങിന് നൂറുകണക്കിന് വിശ്വാസികള്‍ സാക്ഷികളായി.

വിശ്വാസതീക്ഷണതയില്‍ അടിയുറച്ച സഭാസ്‌നേഹത്തിന്റേയും, ആത്മവിശുദ്ധിയുടേയും, പരസ്പര സഹകരണത്തിന്റേയും പ്രതീകമെന്നോണം നടത്തപ്പെടുന്ന ഈ കുടുംബ സംഗമം ശനിയാഴ്ച സമാപിക്കും.

ഭദ്രാസന സെക്രട്ടറി റവ.ഫാ. ഗീവര്‍ഗീസ് ജേക്കബ് സ്വാഗതം ആശംസിച്ചു. കൗണ്‍സില്‍ മെമ്പര്‍ റവ.ഫാ. ജോര്‍ജ് അബ്രഹാം ഭക്തിപ്രമേയം അവതരിപ്പിച്ചു. യഹോവയില്‍ ആശ്രയിച്ച് നന്മചെയ്ത് ജീവിക്കുകയെന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവന്റെ ഉത്തരവാദിത്വമെന്നും, സഭയ്ക്കും സമൂഹത്തിനും ഉതകുന്നവനായി, യഥാര്‍ത്ഥ ക്രിസ്ത്യാനിയായി ജീവിക്കാന്‍ ഓരോരുത്തരും തയാറാകണമെന്നും പ. ബാവാ തിരുമേനി ഉദ്ഘാടന പ്രസംഗത്തില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.

കഷ്ടതകളിലും, പ്രയാസങ്ങളിലും പതറാതെ, ദൈവത്തില്‍ ആശ്രയിച്ച് നന്മചെയ്ത് ജീവിക്കാന്‍ ഓരോരുത്തരവും സ്വമേധയാ തീരുമാനമെടുക്കണമെന്നും, അതിനായി ഇത്തരത്തിലുള്ള കുടുംബ സംഗമം ഉതകുമാറാകട്ടെ എന്നും അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനി ഉദ്‌ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.