അമേരിക്കയില്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ ഉടന്‍; രേഖകള്‍ ഇല്ലാത്തവര്‍ക്ക് രക്ഷയില്ല

07:23 am 10/6/2017


വാഷിങ്ടന്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നിര്‍ദേശങ്ങള്‍ താമസിയാതെ കോണ്‍ഗ്രസിന് മുന്നിലെത്തും. നിലവിലെ നികുതി നിയമം അനുസരിച്ച് രാജ്യത്ത് രേഖകള്‍ ഇല്ലാതെ എത്തിയവര്‍ക്ക് ഒരു ഇന്‍ഡിവിഡ്വല്‍ ടാക്‌സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (ഐടിഐഎന്‍) ഉപയോഗിച്ച് ആശ്രിതരായ കുട്ടികളുടെ പേരില്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റും റിഫണ്ടബിള്‍ അഡീഷണല്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റും അവകാശപ്പെട്ട് നികുതി ഇളവ് നേടാം. ഐടിഐഎന്‍ നിലവില്‍ വന്നത് 1996 ലാണ്. വിദേശീയര്‍ക്കും ഈ പദ്ധതി പ്രകാരം അമേരിക്കന്‍ നികുതി നിയമങ്ങള്‍ ബാധകമാണ്.

ട്രംപിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് നികുതിദായകര്‍ക്ക് ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റിന്റെയോ റിഫണ്ടബിള്‍ അഡീഷണല്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റിന്റെയോ ഇളവ് ലഭിക്കണമെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉണ്ടായിരിക്കണം. രേഖകള്‍ ഇല്ലാതെ നിയമപരമല്ലാതെ കുടിയേറിയവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് തടയാനുള്ള നടപടിയാണ് ഇത് വ്യാഖിനാക്കപ്പെടുന്നത്.

നിയമ വിരുദ്ധ കുടിയേറ്റക്കാരെ ആയിരിക്കാം ഈ നടപടി ലക്ഷ്യമിടുന്നത്. പക്ഷെ അവരോടൊപ്പം അമേരിക്കന്‍ പൗരന്മാരായ അവരുടെ ഏതാണ്ട് അഞ്ച് ലക്ഷം കുട്ടികളെയും ഇത് പ്രതികൂലമായി ബാധിക്കും. അമേരിക്കയിലെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്കും അവരുടെ 40 ലക്ഷം കുട്ടികള്‍ക്കും ഈ നിര്‍ദേശം പാസായാല്‍ നികുതി ഇളവ് ലഭിക്കുകയില്ല എന്ന് അനുമാനിക്കപ്പെ ടുന്നു. ഇത് 2014 ലെ ഇന്റേണല്‍ റെവന്യൂ സര്‍വീസിന്റെ കണക്കനുസരിച്ചാണ്. കലിഫോര്‍ണിയയും ടെക്‌സസുമായിരിക്കും ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങള്‍.

2014 നികുതി വര്‍ഷത്തില്‍ ഐആര്‍എസ് 3 ബില്യണ്‍ ഡോളര്‍ ടെക്‌സസില്‍ മാത്രമുള്ള നികുതി ഇളവിന് അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് നല്‍കിയത്. ശരാശരി ഒരു കുടുംബത്തിന് 1,387 ഡോളര്‍ തിരികെ ലഭിച്ചു.

പ്രസിഡന്റിന്റെ നികുതി നിര്‍ദേശത്തെക്കുറിച്ച് രണ്ടു വിഭാഗങ്ങള്‍ വളരെ ശക്തമായി അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കുന്നു. നിയമ വിരുദ്ധമായി കുടിയേറിയവര്‍ക്ക് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാന്‍ പാടില്ല എന്ന യാഥാസ്ഥികരുടെ വാദത്തിന് ഏറെ പഴക്കമുണ്ട്. ഹെറിറ്റേജ് ഫൗണ്ടേഷന്‍ എന്ന ഇവരുടെ സംഘടന പറയുന്നത് നിയമപരമായി അമേരിക്കയിലുള്ളവര്‍ അധ്യാനിച്ച് ഉണ്ടാക്കുന്ന പണം നിയമപരമല്ലാതെ കഴിയുന്നവര്‍ക്ക് ആനുകൂല്യമായി നല്‍കാനാവില്ല എന്നാണ്. സംഘടനയുടെ വക്താവ് റോബര്‍ട്ട് റെക്ടര്‍ 1996 പാസ്സാക്കിയ റിഫോം ബില്ലില്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് അബദ്ധവശാല്‍ കടന്നുകൂടിയതാണെന്നും ഇതെടുത്ത് കളയണമെന്നും പറയുന്നു. ഇങ്ങനെ ചെയ്താല്‍ നിയമ വിരുദ്ധമായി കുടിയേറുന്നതിനുള്ള ആകര്‍ഷണീയത കുറയുമെന്നും വാദിക്കുന്നു.