ന്യൂഡൽഹി: അഴിമതിയാരോപണം ഉയർന്ന സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക. സത്യം ജയിക്കുമെന്നും പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നും കെജ്രിവാൾ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഴിമതി ആരോപണത്തിൽ തന്‍റെയും ആം ആദ്മി പാർട്ടിയുടെയും നിലപാട് കെജ്രിവാൾ സഭയിൽ വിശദീകരിക്കും.
അതേസമയം, കപിൽ മിശ്രയുടെ ആരോപണത്തിനെതിരെ കെജ് രിവാളിന്‍റെ ഭാര്യ സുനിത രംഗത്തെത്തി. തന്‍റെ സഹോദരൻ ജീവിച്ചിരിപ്പില്ലെന്നും മുൻകൂട്ടി തയാറാക്കിയ തിരക്കഥ വിവേക ശ്യൂനനായ കപിൽ മിശ്ര വായിക്കുകയാണെന്നും സുനിത ട്വീറ്റ് ചെയ്തു.
ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന വാട്ടർ ടാങ്ക് പദ്ധതിയിൽ 400 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ-പൊതുമരാമത്ത് മന്ത്രി സത്യേന്ദ്ര ജയിൻ കെജ്രിവാളിന് രണ്ടുകോടി കൈക്കൂലി നൽകുന്നത് കണ്ടതായും ഭാര്യാ സഹോദരന്‍റെ 50 കോടി വരുന്ന അനധികൃത ഭൂമിയിടപാട് കെജ്രിവാൾ നിയമാനുസൃതമാക്കിയെന്നുമായിരുന്നു കപിൽ മിശ്രയുടെ ആരോപണം. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളുടെ പേരിൽ ശനിയാഴ്ച മിശ്രയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് അദ്ദേഹം ആരോപണവുമായി രംഗത്തുവന്നത്.
കപിൽ മിശ്ര നൽകിയ പരാതി ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജൽ തിങ്കളാഴ്ച ഡൽഹി െപാലീസിന് കീഴിലുള്ള അഴിമതി വിരുദ്ധസേനക്ക് കൈമാറിയിരുന്നു. ഏഴു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ലഫ്റ്റനന്‍റ് ഗവർണർ അനിൽ ബൈജലിന്‍റെ നിർദേശം.