അരിസോണയില്‍ ‘ജാതിയില്ല’ വിളംബര ശതാബ്ദി സമ്മേളനം സമാപിച്ചു

12.13 AM 01-08-2016
unnamed (1)
ജോയിച്ചന്‍ പുതുക്കുളം

ഫീനിക്‌സ്: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനമായ അരിസോണയുടെ തലസ്ഥാനമായ ഫീനിക്‌സില്‍ ഗുരുദേവന്റെ ‘ജാതിയില്ല’ വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഗുരുധര്‍മ്മ പ്രചരണ സഭയുടെ അരിസോണ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 നു നടന്ന സമ്മേളനം ഗുരുധര്‍മ്മ പ്രചാരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്തു.

വര്‍ത്തമാന ഭാവി ലോകത്തിന് ഗുരുദേവദര്‍ശനം എന്നും വഴികാട്ടി ആയിരിക്കുമെന്നും, ഗുരുദേവന്‍ സ്പര്‍ശിക്കാത്ത ഒരു മേഖലയും ആധ്യാത്മിക, സാമൂഹിക, ദാര്‍ശനിക , വൈജ്ഞാനികം ഉള്‍പ്പെടെ ഒരു രംഗത്തും ഇല്ലെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു .

ഗുരുദേവദര്‍ശനത്തിന്റെ അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊള്ളാതെയാണ് ഇന്നു പലരും ഗുരുവിനെ കാണാന്‍ ശ്രമിക്കുന്നത് എന്നും , ഗുരുവിലെ ദാര്‍ശനികനേയും ഋഷിയെയും കവിയെയും ഒക്കെ കാണുവാന്‍ ശ്രമിച്ചുവെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ഗുരുസ്വെരൂപം അറിയുവാന്‍ കഴിയുകയുള്ളൂവെന്നും ഗുരുധര്‍മ്മ പ്രചരണസഭ കോര്‍ഡിനേറ്റര്‍ അശോകന്‍ വേങ്ങശ്ശേരി (ഫിലാഡല്‍ഫിയ) പറഞ്ഞു.

ഗുരുദേവ ദര്‍ശനം അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രചരിപ്പിക്കേണ്ട ആവിശ്യകത എത്രയും വലുതാണെന്ന് മനോജ് കുട്ടപ്പന്‍ (ഡാളസ്) പറഞ്ഞു. കേരളകൗമുദി പത്രാധിപര്‍ കെ . സുകുമാരന്റെ സഹോദരനും ഗുരുദേവന്റെ ജീവചരിത്രകാരനുമായ കെ. ദാമോദരന്റെ പൗത്രനാണ് മനോജ് കുട്ടപ്പന്‍. ഗുരുദേവന്‍ ലോകത്തിനു നല്‍കിയ സംഭാവനകള്‍ ഐക്യരാഷ്ട്രസഭയില്‍ എത്തിക്കുന്നതിനും ശിവഗിരി മഠത്തിന്റെ അമേരിക്കയിലെ പ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്നതിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗുരുധര്‍മ്മ പ്രചരണ സഭ അരിസോണ യൂണിറ്റ് പ്രസിഡന്റ് അഡ്വ :ഷാനവാസ് കാട്ടൂര്‍ അധ്യക്ഷത വഹിച്ചു . ഇവിടെ വളര്‍ന്നുവരുന്ന പുതുതലമുറക്ക് ഗുരുദര്‍ശനത്തെ പരിചയപ്പെടുത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് തങ്ങള്‍ ശിവഗിരി മഠത്തോടു ചേര്‍ന്നുനിന്നു നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നതെന്ന് അരിസോണ യൂണിറ്റ് സെക്രട്ടറി ശ്രീനി പൊന്നച്ചന്‍ സ്വാഗത പ്രസംഗത്തില്‍ പരാമര്‍ശിച്ചു .

ശ്രീനാരായണ അസ്സോസിയേഷന്‍ കാലിഫോര്‍ണിയ പ്രസിഡന്റ് ഹരി പീതാംബരന്‍ ,വിജയന്‍ വാഴൂര്‍ , ഡോ. വിനയ് പ്രഭാകര്‍ , ഡോ. ദീപ ധര്‍മ്മരാജന്‍ ,ദേവദാസ് കൃഷ്ണന്‍കുട്ടി ,സുധാകരന്‍ വേളമാനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഗുരുദേവന്റെ പാവനമായ ജീവിതത്തിലെ വളരെ പ്രസക്തിയുള്ള ” നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല” എന്ന വിശ്വമഹാസന്ദേശത്തിന്റെയും ”ദര്‍ശനമാല ” എന്ന ഗുരുദേവ കൃതിയുടെയും കുമാരനാശാന്റെ ‘ഗുരുസ്തവ”ത്തിന്റെയും രചനാ ശതാബ്ദി സംയുക്തമായിട്ടാണ് ആഘോഷിക്കപ്പെട്ടത് .

കഴിഞ്ഞ അഞ്ചു വര്‍ഷമായി ഗുരുധര്‍മ്മ പ്രചരണ സഭ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നു. ഗുരുധര്‍മ്മ പ്രചരണസഭ ട്രഷറര്‍ ജോലാല്‍ കരുണാകരന്‍ നന്ദി പറഞ്ഞു.