അവധി ദിനത്തില്‍ ഓണമാഘോഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

07.16 PM 04-09-2016
Onam_Celebration_TVM_760x400
തിരുവനന്തപുരം: മുഖ്യമന്ത്രി എന്തൊക്കെ പറഞ്ഞാലും ഓണാഘോഷത്തിന് അവധി നല്‍കേണ്ടെന്ന നിലപാടിലാണ് ഒരുവിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. ഓണം തുടക്കത്തിലെ ഓഫീസില്‍ ആഘോഷം തുടങ്ങി. പബ്ലിക് ഓഫീസിന്റെ മുറ്റത്ത് സാമാന്യം വലിയൊരു പൂക്കളമൊരുങ്ങി. ഞായറാഴ്ച അവധിയുടെ ആലസ്യം വെടിഞ്ഞ് ആഘോഷക്കമ്മിറ്റിയും തയ്യാര്‍. ഒന്നിനും ഒരു കുറവുമുണ്ടാകരുതെന്ന് നിര്‍ബന്ധം. ഓഫീസ് സമയത്ത് ഓണാഘോഷം വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതിലാണ് ആഘോഷം അവധി ദിവസത്തിലേക്ക് മാറ്റിയത്.
അതിനിടെ ചെലവു ചുരുക്കലിന്റെ ഭാഗമായി ഓണം വാരാഘോഷം വെട്ടിച്ചുരുക്കാനുള്ള തീരുമാനം വിവാദങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. 12 മുതല്‍ 18 വരെയാണ് ആഘോഷം. കവടിയാര്‍ മുതല്‍ കഴക്കൂട്ടം വരെ ദീപാലങ്കാരം. 28 വേദികളില്‍ കലാപരിപാടികള്‍, ട്രേഡ് ഫെയറുകള്‍ ഭക്ഷ്യമേള തുടങ്ങിയ വിപുലമായ പരിപാടികളാണ് ഒരുക്കുന്നത്.
പതിവ് സാംസ്‌കാരിക ഘോഷയാത്ര വേണ്ടെന്ന് വയ്ക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ പിന്‍വലിച്ചു. ഓഫീസ് സമയത്തെ ഓണാഘോഷം നിയന്ത്രിച്ചതിന് പിന്നാലെ ഓണം വാരാഘോഷത്തിനും നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം വിവാദമായ സാഹചര്യത്തിലാണ് ഘോഷയാത്രക്ക് മുടക്കം വരുത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. 19 നാണ് സാംസ്‌കാരിക ഘോഷയാത്ര.