കാഷ്മീരിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ശവപ്പറമ്പാക്കും: ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍

07.12 PM 04-09-2016
Salahuddin_040916
കാഷ്മീര്‍ താഴ്‌വരയില്‍ ശാന്തിയും സമാധാനവും മടക്കികൊണ്ടുവരാന്‍ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം കാഷ്മീരില്‍ എത്തുന്നതിന് മുമ്പ് ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തലവന്‍ പ്രകോപനവുമായി രംഗത്ത്. കാഷ്മീര്‍ താഴ്‌വര ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാകുമെന്ന് ഹിസ്ബുള്‍ നേതാവ് സയീദ് സലാഹുദ്ദീന്‍ പറഞ്ഞു. കാഷ്മീരിലെ ജനങ്ങള്‍ക്കും നേതാക്കള്‍ക്കും അറിയാം പ്രശ്‌നപരിഹാരത്തിന് സമാധാനം മാര്‍ഗമല്ല. ആക്രമണമല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. കാഷ്മീരിലെ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും വിഘടനവാദി നേതാവ് പറഞ്ഞു.

കൂടുതല്‍ കാഷ്മീരികളെ ചാവേറുകളാകാന്‍ പരിശീലിപ്പിക്കും. അക്രമങ്ങള്‍ കാഷ്മീരിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്നും സയീദ് സലാഹുദ്ദീന്‍ ഭീഷണിപ്പെടുത്തി. ഇതുവരെ ഇന്ത്യ, കാഷ്മീരിലേത് ഒരു പ്രശ്‌നമായി അംഗീകരിച്ചിട്ടില്ല. അപ്പോള്‍ ചര്‍ച്ചയുടെ ആവശ്യമെന്താണെന്നും ഹിസ്ബുള്‍ തലവന്‍ ചോദിക്കുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹിസ്ബുള്‍ തലവന്റെ പ്രതികരണം.

സമാധാന ചര്‍ച്ചകള്‍ക്കായി കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ എംപിമാരടക്കം 30 പേരുടെ സര്‍വക്ഷി സംഘമാണ് കാഷ്മീരിലെത്തുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സര്‍വകക്ഷി സംഘത്തിന്റേത്. സര്‍വകക്ഷിസംഘവുമായി ചര്‍ച്ച നടത്താന്‍ വിഘടനവാദി നേതാക്കളെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ക്ഷണിച്ചിട്ടുണ്ട്. കാഷ്മീര്‍ താഴ്‌വരയിലെ പന്ത്രണ്ടോളം വിഘടനവാദി നേതാക്കള്‍ക്കും മതസംഘടനകള്‍ക്കുമാണ് മെഹബൂബ കത്തെഴുതിയത്.