അസ്‌ലം വധം: പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയേക്കും

12:55 pm 16/8/2016
download (12)

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് വളയം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ പ്രത്യേക അന്വേഷണ സംഘം വ്യാപക റെയ്ഡ് നടത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് കേസില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രണ്ടുപേരുടെ വീടുകളില്‍ പോലീസ് സംഘമെത്തിയത്. വളയം നിരവുമ്മലിലും, ചുഴലിയിലുമാണ് രാത്രിയില്‍ പോലീസെത്തിയത്. കൊലപാതക സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്ത യുവാവിനെയും മറ്റൊരാളെയും തേടിയാണ് പോലീസ് ഇവരുടെ വീട്ടിലും ബന്ധുവീട്ടിലുമെത്തിയത്.

ഇതിനിടയില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. ഇതേതുടര്‍ന്ന് നാദാപുരം, കല്ലാച്ചി കോടതി പരിസരങ്ങളില്‍ മഫ്തിയില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനായി വിളിപ്പിച്ച രണ്ടുപേര്‍ നാല് ദിവസമായി പോലീസ് കസ്റ്റഡിയില്‍ കഴിയുകയാണ്. ഇവരാണ് ബേപ്പൂര്‍ സ്വദേശിയില്‍ നിന്നും കാര്‍ ആദ്യം വാടകയ്ക്കായി എടുത്തത്. റൂറല്‍ എസ്പി എന്‍. വിജയകുമാര്‍ നാദാപുരത്തെത്തി എഎസ്പി ആര്‍. കറുപ്പസാമി, സിഐ ടി. സജീവന്‍, അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത ഇന്നോവ കാര്‍ ബേപ്പൂര്‍ സ്വദേശിയായ കാറുടമയില്‍ നിന്നും വാണിമേല്‍ സ്വദേശിയാണ് കാര്‍ വാടകയ്ക്ക് എടുത്ത്താണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇയാളില്‍ നിന്ന് നിരവുമ്മലിലെ പോലീസ് അന്വേഷിക്കുന്ന യുവാവ് കാര്‍ അക്രമിസംഘങ്ങള്‍ക്ക് നല്‍കിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊലപാതകത്തിനുശേഷം ഒളിവില്‍ കഴിയുന്ന ഇയാളുടെ ഫോട്ടോ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മറ്റുള്ളവരെ കണെ്ടത്താന്‍ കഴിയുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

വടകര സഹകരണ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്തിയ കാര്‍ പോലീസ് പരിശോധനകള്‍ക്കുശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ നാദാപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. കാറില്‍ നിന്ന് കണെ്ടത്തിയ രക്തക്കറകളും മറ്റും ഫോറന്‍സിക് സംഘം പരിശോധനയ്ക്കായെടുത്തിട്ടുണ്ട്. കൂടാതെ അക്രമിസംഘങ്ങളില്‍ ഒരാള്‍ക്ക്് പരിക്കേറ്റതായും പോലീസിന് വിവരം ലഭിച്ചു. കൊലപാതകം നടന്ന സ്ഥലത്തു നിന്ന് ലഭിച്ച വിരല്‍ അക്രമി സംഘങ്ങളുടേതാണെന്ന് അന്വേഷണ സംഘത്തലവന്‍ കൂടിയായ കുറ്റിയാടി സിഐ ടി. സജീവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട അസ്‌ലമിന്റേതാണെന്ന് ആദ്യം സംശയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇയാളുടേതല്ലെന്ന് വ്യക്തമായിട്ടുണെ്ടന്ന് സിഐ പറഞ്ഞു. ഇതേതുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കോ മറ്റോ ആയി പ്രതികള്‍ എത്തിയിരുന്നോ എന്നറിയാന്‍ രജിസ്റ്റര്‍ ബുക്കുകളില്‍ പരിശോധന നടത്തിയതായി റൂറല്‍ എസ്പി എന്‍. വിജയകുമാര്‍ പറഞ്ഞു. കൂടാതെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. വെള്ളൂര്‍ മേഖലയില്‍ നിന്നുള്ള വിവിധ കമ്പനികളുടെ മൊബൈല്‍ ഡാറ്റകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കി. കൊലപാതകികള്‍ക്ക് പ്രാദേശികമായ സഹായം ലഭിച്ചിട്ടുണെ്ടന്നും പോലീസ് വിശ്വസിക്കുന്നുണ്ട്. അസ്‌ലം കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍മുമ്പ് ഈ മേഖലയില്‍നിന്നും പോയ മൊബൈല്‍ കോളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്