കാഷ്മീരില്‍ സംഘര്‍ഷം; രണ്ടു പേര്‍ മരിച്ചു

12:56 pm 16/8/2016
download (13)

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപുറപ്പെട്ടു. പ്രതിഷേധക്കാരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ കാഷ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 ആയി. ശ്രീനഗറിലെ ബറ്റ്മലോ സ്വദേശി യാസിര്‍ അഹമ്മദ് (20) ആണ് മരിച്ചവരില്‍ ഒരാള്‍.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 39-ാം ദിവസവും കാഷ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്. തിങ്കളാഴ്ചയും ഇന്നുമുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. സൈന്യത്തിന് നേരെ പലയിടത്തും രൂക്ഷമായ കല്ലേറുണ്ടായി. കാഷ്മീരിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ ജീവനക്കാരും പ്രതിഷേധക്കാര്‍ക്കും ഉള്‍പ്പടെ 4,000 ത്തോളം പേര്‍ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ ജൂലൈ ഒന്‍പതിനാണ് കാഷ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും എല്ലാം നിശ്ചലമാണ്. എന്നാല്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈന്യത്തിന്റെ സുരക്ഷയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം തുടങ്ങിയതോടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നതലയോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ച യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.