ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ.

08:23 PM 22/07/2016
download (3)
ന്യൂഡല്‍ഹി: വിവാദ കെട്ടിടമായ ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുമാറ്റുന്നതിന് സുപ്രീംകോടതിയുടെ സ്റ്റേ. കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളിലെയും വിധി വരുന്നത് വരെ പൊളിച്ചുമാറ്റരുതെന്നും കെട്ടിടം പ്രതിരോധ മന്ത്രാലയത്തിന് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വിവാദ കെട്ടിടം ഇടിച്ചുനിരത്താനുള്ള മുംബൈ ഹൈകോടതി ഉത്തരവിനെതിരെ ആദര്‍ശ് ഹൗസിങ് സൊസൈറ്റി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ.

വിവാദമായ ആദര്‍ശ് പാര്‍പ്പിട സമുച്ചയം പൊളിച്ച് നീക്കണമെന്ന് കഴിഞ്ഞ ഏപ്രിലിലാണ് മുംബൈ ഹൈകോടതി ഉത്തരവിട്ടത്. ഹരജിക്കാര്‍ക്ക് മേല്‍ കോടതിയെ സമീപിക്കുന്നതിനായി കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മൂന്ന് മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു. ഫ്ളാറ്റ് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനും സ്ഥലം തിരിച്ചുപിടിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഈ വിധിയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഇതിന് മുന്നോടിയായി കെട്ടിടത്തിന്‍്റെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് കൈമാറണം. മുംബൈ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്‍്റെ മേല്‍നോട്ടത്തിലായിരിക്കും കൈമാറ്റം.

വിമുക്ത ഭടന്മാരുടെയും കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായ സൈനികരുടെ വിധവകളുടെയും ക്ഷേമത്തിന് വേണ്ടി തെക്കന്‍ മുംബൈയിലെ കൊളാബയില്‍ നിര്‍മിച്ച 31 നിലകളുള്ള പാര്‍പ്പിട സമുച്ചയമാണ് ആദര്‍ശ് ഫ്ളാറ്റ്. എന്നാല്‍ ഇത് രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും കൈയ്യടക്കിയതായി പിന്നീട് കണ്ടത്തെി. 2011ല്‍ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റ് പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ളാറ്റിലെ താമസക്കാര്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടം മൂന്ന് മാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു അന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്.

2010 നവംബറിലാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം പുറത്തായത്. തുടര്‍ന്ന് അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്‍ രാജിവെക്കുകയും ചെയ്തിരുന്നു.