ആദിവാസികളുടെ കടം എഴുതിത്തള്ളാന്‍ അനുവദിച്ച 34 കോടി പാഴാക്കി

01.58 PM 07/11/2016
tribal_760x400
ആദിവാസികളുടെ കടം എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ അനുവദിച്ച 39.5 കോടി രൂപയില്‍ ചെലവഴിച്ചത് 5.5 കോടി രൂപമാത്രം. 2005പേരെ പദ്ധതിയില്‍ ഉ‌ള്‍പ്പെടുത്തിയപ്പോള്‍ 854പേരും മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ മണ്ഡലത്തിലായിരുന്നു. സ്വന്തക്കാര്‍ക്കും കുടുംബത്തിനുമായി മുന്‍മന്ത്രി പദ്ധതി ചുരുക്കിയപ്പോള്‍ ബഹുഭൂരിപക്ഷം ഗുണഭോക്താക്കളും കടം എഴുതിതള്ളല്‍ പദ്ധതിക്ക് പുറത്തായി.
സംസ്ഥാനത്തെ പട്ടിക വര്‍ഗക്കാര്‍, സഹകരണ സ്ഥാപനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നോ എടുത്ത വായപാ കുടിശ്ശിക പലിശയടക്കം തിരിച്ചടക്കുന്നതിന് 39,52,41,000 രൂപയാണ് അനുവദിച്ചത്. എന്നാല്‍ പിന്നീട് ഈ തുകയില്‍ നാമമാത്രമായതൊഴിച്ച് ബാക്കി എല്ലാം പാഴാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. നൂറ് കണക്കിന് പട്ടിക വര്‍ഗക്കാര്‍ക്ക് ആശ്വാസമാകേണ്ട പദ്ധതിയുടെ ഗുണം കിട്ടിയത് കേവലം 2005 പേര്‍ക്ക് മാത്രം. ആകെ ചെലവഴിച്ചതാകട്ടെ 5,44,62,000 രൂപ മാത്രം. 34 കോടി രൂപയും പാഴാക്കി. ഇതോടെ അര്‍ഹരായ പലര്‍ക്കും ആനുകൂല്യം കിട്ടിയില്ല.
പട്ടിക വര്‍ഗക്കാര്‍ ഏറെയുള്ള പലാക്കാട് ജില്ലയില്‍ 18 പേരെ മാത്രമാണ് പദ്ധതിയിലേക്ക് പരിഗണിച്ചത്. എന്നാല്‍ വകുപ്പ് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയുടെ മണ്ഡലമായ മാനന്തവാടിയില്‍ 854 പേരുടെ കടം എഴുതിത്തള്ളി. അതായത് പകുതി ഗുണഭോക്താക്കളും സ്വന്തം മണ്ഡലത്തിലായിരുന്നെന്ന് വ്യക്തം. ഇതിനായി നല്‍കിയ 2.5 കോടി രൂപയില്‍ 1.5 കോടി രൂപയും പോയത് പി.കെ ജയലക്ഷ്മിയുടെ ബന്ധുക്കളുടെയും സ്വന്തക്കാരുടെയും കീശയിലാണെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് തെളിവ് സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കടം എഴുതിത്തള്ളല്‍, കുടുംബ കടം എഴുതി തള്ളലായതോടെ അര്‍ഹരായ നൂറുകണക്കിന് പേര്‍ പദ്ധതിക്ക് പുറത്തായി.