ആദിവാസി ശിശുക്കള്‍ മരിച്ചത്തില്‍ സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടും: കേന്ദ്രമന്ത്രി

08:20am 15/5/2016
TRIBALS_1443024f

മാനന്തവാടി: വയനാട്ടില്‍ ആദിവാസി യുവതിയുടെ നവജാതശിശുക്കള്‍ മരിക്കാനിടയായത്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനാസ്‌ഥ കാരണമാണെന്നും ഇതു സംബന്ധിച്ച്‌ കേന്ദ്രം സംസ്‌ഥാനത്തോട്‌ റിപ്പോര്‍ട്ട്‌ തേടുമെന്നും കേന്ദ്രമന്ത്രി ജുവല്‍ ഒറാം. വാളാട്‌ എടത്തില്‍ പണിയ കോളനിയില്‍ നവജാത ശിശുക്കള്‍ മരിച്ച ബാലന്‍- സുമതി ദമ്പതികളുടെ വീട്‌ സന്ദര്‍ശിച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം അന്വേഷിക്കാന്‍ കേന്ദ്രം പ്രത്യേക ഉദ്യോഗ സംഘത്തെ നിയോഗിക്കും. പോഷകാഹാരകുറവാണ്‌ നവജാത ശിശുക്കളുടെ മരണകാരണമെന്ന്‌ സുമതിയെ ചികിത്സിച്ച ഡോക്‌ടര്‍മാര്‍ തന്നോട്‌ പറഞ്ഞതായും കേന്ദ്രമന്ത്രി അറിയിച്ചു. ശനിയാഴ്‌ച രാവിലെ 10.30 നാണ്‌ എന്‍.ഡി.എ. കേന്ദ്രമന്ത്രി നേതാക്കള്‍ക്കൊപ്പം വാളാട്‌ എടത്തില്‍ കോളനിയില്‍ എത്തിയത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള സുമതിയെ സന്ദര്‍ശിച്ചതിനുശേഷമാണ്‌ കോളനിയില്‍ എത്തിയത്‌. എന്‍.ഡി.എ. നേതാക്കളായ സജി ശങ്കര്‍, ഇ.പി.ശിവദാസന്‍, കണ്ണന്‍ കണിയാരം, സി.അഖില്‍ പ്രേം, ആര്‍.പുരുഷോത്തമന്‍ എന്നിവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു