വോട്ടെടുപ്പ്‌ രാവിലെ 7 മുതല്‍ വൈകിട്ട്‌ 6 വരെ

08:26am 15/5/2016

time_to_vote
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്‌ സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട്‌ ആറു വരെ. കഴിഞ്ഞ തവണ അഞ്ചു വരെയായിരുന്നു പോളിങ്‌. ആറിനു ക്യൂവിലുള്ള എല്ലാവരെയും വോട്ട്‌ ചെയ്യാന്‍ അനുവദിക്കും.
ഇക്കുറി 2,60,19,284 വോട്ടര്‍മാരാണു പട്ടികയിലുള്ളത്‌. സ്‌ത്രീകളുടെ എണ്ണം 1,35,08,693. പുരുഷന്മാര്‍ 1,25,10,589. കഴിഞ്ഞ നിയമസഭാ വോട്ടര്‍മാരുടെ എണ്ണം 2.32 കോടിയായിരുന്നു.
140 മണ്ഡലങ്ങളിലായി 21,498 പോളിങ്‌ ബൂത്തുകളുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 740 ബൂത്തുകള്‍ കൂടുതല്‍. 80 വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാകും.
പോലീസ്‌ സേനാംഗങ്ങളടക്കം 1.5 ലക്ഷം പോളിങ്‌ ഉദ്യോഗസ്‌ഥര്‍ രംഗത്തുണ്ട്‌. 35,946 വോട്ടിങ്‌ യന്ത്രങ്ങാളാണു തയാറാക്കിയിരിക്കുന്നത്‌. വോട്ടിങ്‌ യന്ത്രത്തിലെ ബാലറ്റ്‌ പേപ്പറിലും പോസ്‌റ്റല്‍ ബാലറ്റിലും സ്‌ഥാനാര്‍ഥിയുടെ ചിത്രമുണ്ടാകും.
വോട്ട്‌ രേഖപ്പെടുത്തിയത്‌ ഏതു സ്‌ഥാനാര്‍ഥിക്കാണെന്നു കണ്ടറിയാനുള്ള വോട്ടര്‍ വെരിഫെയ്‌ഡ്‌ പേപ്പര്‍ ഓഡിറ്റ്‌ ട്രെയ്‌ല്‍ (വി.വി.പി.എ.ടി- വോട്ട്‌ സ്‌ഥിരീകരണ സംവിധാനം) 12 മണ്ഡലങ്ങളില്‍ നടപ്പാക്കും.
ബി.എല്‍.ഒ. നല്‍കിയ ഫോട്ടോയുള്ള സ്ലിപ്‌, സ്‌ഥാനാര്‍ഥിയുടെ പ്രതിനിധികള്‍ നല്‍കുന്ന അനൗദ്യോഗിക സ്ലിപ്‌ എന്നിവയിലുള്ള ക്രമനമ്പര്‍ ഉപയോഗിച്ചാണ്‌ വോട്ടര്‍ പട്ടികയില്‍ പേര്‌ കണ്ടെത്തുന്നത്‌. ബൂത്തിനു സമീപമുള്ള ബൂത്തുതല ഉദ്യോഗസ്‌ഥന്റെ (ബി.എല്‍.ഒ) പക്കലുള്ള വോട്ടര്‍പട്ടിക നോക്കിയും പേരും ക്രമനമ്പറും കണ്ടെത്താം. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ. അംഗപരിമിതര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്‌ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്കു മുന്‍ഗണന.
തിരിച്ചറിയല്‍ രേഖകള്‍
ബി.എല്‍.ഒയില്‍ നിന്നു കിട്ടിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ്‌ മാത്രം ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാം. ഇതു കിട്ടിയില്ലെങ്കില്‍ ഫോട്ടോ പതിച്ച തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ ഉപയോഗിക്കാം. അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന്‌ ഹാജരാക്കാം. ഇവയ്‌ക്ക്‌ ഒപ്പം സത്യപ്രസ്‌താവന നല്‍കണം. പ്രസ്‌താവനയുടെ പകര്‍പ്പുകള്‍ ബി.എല്‍.ഒമാര്‍ നല്‍കും.
പാസ്‌പോര്‍ട്ട്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, പാന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര/സംസ്‌ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്‌ഥാപനങ്ങളും പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനികളും ജീവനക്കാര്‍ക്കു നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്‌, സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്‌റ്റ്‌ ഓഫീസിലെയും ഫോട്ടോ പതിച്ച പാസ്‌ ബുക്ക്‌, ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന്റെ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌, തൊഴിലുറപ്പ്‌ പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴില്‍ കാര്‍ഡ്‌, തൊഴില്‍ മന്ത്രാലയത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്‌ സ്‌മാര്‍ട്ട്‌ കാര്‍ഡ്‌.
വോട്ട്‌ ചെയ്യുന്നത്‌ എങ്ങനെ
ബൂത്തില്‍ ഒന്നാം പോളിങ്‌ ഓഫീസര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കും. രണ്ടാം പോളിങ്‌ ഓഫീസര്‍ ഇടതുകൈയിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടും. ക്രമനമ്പര്‍ രേഖപ്പെടുത്തിയ ശേഷം സ്ലിപ്പ്‌ നല്‍കും. വോട്ടേഴ്‌സ്‌ സ്ലിപ്പുമായി പ്രിസൈഡിങ്‌ ഓഫീസറുടെ അടുത്തേക്ക്‌. മഷി പുരട്ടിയതു പരിശോധിച്ചശേഷം കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ്‌ ബട്ടണ്‍ അമര്‍ത്തി വോട്ട്‌ ചെയ്യാന്‍ അനുവദിക്കും.
വോട്ടിങ്‌ മെഷീനിലെ ബള്‍ബ്‌ പച്ചനിറത്തില്‍ പ്രകാശിക്കുമ്പോള്‍ താല്‍പര്യമുള്ള സ്‌ഥാനാര്‍ഥിയുടെ പേരിനും ചിഹ്‌നത്തിനും നേരേയുള്ള നീല ബട്ടണ്‍ അമര്‍ത്തണം. അപ്പോള്‍ പച്ച ബള്‍ബ്‌ അണഞ്ഞ്‌ ചുവന്ന ബള്‍ബ്‌ കത്തും. ബീപ്‌ ശബ്‌ദവും കേള്‍ക്കും. വോട്ട്‌ രേഖപ്പെടുത്തപ്പെട്ടതിന്റെ സൂചനയാണിത്‌. സംശയമുള്ളവര്‍ക്കു പ്രിസൈഡിങ്‌ ഓഫീസറുടെ പക്കലുള്ള മാതൃകാ യന്ത്രത്തില്‍ വോട്ട്‌ രേഖപ്പെടുത്തുന്ന വിധം കണ്ടറിയാം.
– See more at: http://www.mangalam.com/print-edition/keralam/434827#sthash.nqRNTOVH.dpuf