ആധാർ കാർഡ് : മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി.

07:06 am 28/4/2017

ന്യൂഡൽഹി: ആധാർ കാർഡ് സ്വതാൽപര്യപ്രകാരം എടുക്കേണ്ടതാണെന്നും ഇതു സംബന്ധിച്ച് മുമ്പുള്ള വിധി നിലനിൽക്കുമെന്നും സുപ്രീംകോടതി. എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജൂലൈ ഒന്നുമുതൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് അനുവദിക്കുന്നതിനും ഇൻകംടാക്സ് ആക്ട് 139 എഎയെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
139 എഎ വകുപ്പ് ഭരണഘടന വിരുദ്ധവും ആധാർ ആക്ടിന് വിപരീതവുമാണെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ സീനിയർ കോൺസൽ ശ്യാം ദിവാൻ വാദിച്ചു. ആധാർ ആക്ട് പ്രകാരം പൗരൻ ആധാർ സ്വതാൽപര്യ പ്രകാരം എടുക്കേണ്ടതാണ്. അങ്ങനെയിരിക്കെ ഇൻകംടാക്സ് ആക്ട് പ്രകാരം ആധാർ നിർബന്ധമാക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിന് പൗര‍െൻറ വിരലടയാളം അടക്കുമുള്ള വിവരങ്ങൾ ആവശ്യപ്പെടാൻ അവകാശമില്ലെന്നും ഇത് സ്വകാര്യതയെ ഇല്ലാതാക്കുമെന്നും ശ്യാം ദിവാൻ കോടതിയെ അറിയിച്ചു. ആധാർ നിർബന്ധമാക്കരുതെന്ന വിധി നിലനിൽക്കുമെന്ന് അറിയിച്ച കോടതി സ്വകാര്യത സംബന്ധിച്ച വിഷയം കൂടുതൽ അംഗങ്ങളുള്ള ബെഞ്ച് കേൾക്കുമെന്നും എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് അറിയിച്ചു.