ആരാധനാലയങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറ്റുന്നത് ആപത്ത് : ഡിനേഷ് വാരിയാപുരം

07:50 pm 22/10/2016

– പി. പി. ചെറിയാന്‍
Newsimg1_21326019
മസ്കിറ്റ് (ഡാലസ്) : ആധുനിക സംസ്കാരത്തിന്റെ സ്വാധീനത്തിലകപ്പെട്ടു പരിപാവനമായി സൂക്ഷിക്കപ്പെടേണ്ട ആരാധനാലയങ്ങള്‍ കളിസ്ഥലങ്ങളാക്കി മാറുന്ന പ്രവണത അപകടകരമാണെന്ന് പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും ദൈവ വചന പണ്ഡിതനുമായ ഡിനേഷ് ജോസഫ് വാരിയാപുരം മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 21 വെളളിയാഴ്ച വൈകിട്ട് ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ യുവജന സഖ്യം വാര്‍ഷിക യോഗങ്ങളുടെ പ്രാരംഭ ദിനത്തില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു ഡിനേഷ്.

ആദം– ഹവ്വ സന്തതികളായ കയീന്റേയും കൊല്ലപ്പെട്ട ഹാബേലിനു പകരം ജനിച്ച ശേത്തിന്റേയും സന്തതി പരമ്പരകള്‍ തമ്മിലുളള അന്തരത്തെ ആധുനിക തലമുറയുമായി താരതമ്യപ്പെടുത്തി നടത്തിയ വചന പ്രഘോഷണം ഹൃദയ സ്പര്‍ശിയായിരുന്നു. ദൈവമില്ലാത്ത, ആരാധനയില്ലാത്ത, പാപത്തില്‍ ജീവിക്കുന്ന തലമുറയെ കയീന്‍ പ്രതിനിധാനം ചെയ്യുമ്പോള്‍ ദൈവ ഭയമുളള, ആരാധനയുളള, സത്യത്തില്‍ ജീവിക്കുന്ന തലമുറയെയാണ് ശേത്ത് പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യനെ കൊന്നു തളളുന്ന ആയുധ നിര്‍മ്മാണത്തിന്റെ പിതൃത്വം കയ്യീനാണെങ്കില്‍ മനുഷ്യനെ അമര്‍ത്യതയിലേക്ക് നയിക്കുന്നതിന്റെ പിതൃത്വം ശേത്തിനവകാശപ്പെട്ടതാണെന്ന് ഡിനേഷ് ചൂണ്ടിക്കാട്ടി.

ശേത്തിന്റെ പാരമ്പര്യത്തില്‍ ഭാഗഭാക്കുകളാക്കുവാന്‍ നമ്മുടെ മുമ്പില്‍ തുറക്കപ്പെട്ടിരിക്കുന്ന ഏകമാര്‍ഗ്ഗം ‘ഞാന്‍ തന്നെ വഴിയും സത്യവും ജീവിനും ആകുന്നു’ എന്ന് അരുളി ചെയ്ത ക്രിസ്തു നാഥനെ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുക എന്നതു മാത്രമാണെന്നും ഡിനേഷ് പറഞ്ഞു.

നാം ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ക്രിസ്തു നാഥന്‍ നമ്മോട് വ്യക്തിപരമായി ബന്ധപ്പെട്ടിട്ട് എത്ര കാലമായി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പ്രാരംഭദിന പ്രസംഗം ഉപസംഹരിച്ചത്. റവ. ഫാ. ഷൈജു പി. ജോണ്‍ ആമുഖ പ്രസംഗം നടത്തി. അലക്‌സ് കോശി നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ലെ ലീഡര്‍ ബാബു പി. സൈമണ്‍ മദ്ധ്യസ്ഥ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. സഖ്യം സെക്രട്ടറി അജു മാത്യു സ്വാഗതം പറഞ്ഞു.