ആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; രാഹുല്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു

05:37 pm 29/9/2016
images (2)
ഗോഹത്തി: ആര്‍.എസ്.എസിനെതിരെയുള്ള പരാമര്‍ശത്തിൽ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗോഹത്തി കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യമെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അസമിൽ ആര്‍.എസ്.എസ് തന്നെ വഴിതടഞ്ഞുവെന്ന ആരോപണം ഉന്നയിച്ചിരുന്നു.അതിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സഞ്ജൻ ബോറ നൽകിയ ക്രിമിനൽ മാനനഷ്ട കേസിലാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായത്.
കേസിൽ നേരത്തെ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. ഗാന്ധിയെ വധിച്ചത് ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തിന് നേരത്തെ മഹാരാഷ്ട്ര കോടതിയും രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. അതിനെതിരെ രാഹുൽ ഗാന്ധി നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് സുപ്രീംകോടതിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.
പാവങ്ങള്‍ക്കുവേണ്ടി പോരാടുന്നതിന്റെ പേരിലാണ് തനിക്കെതിരെ ഈ കേസുകളെല്ലാം വരുന്നതെന്ന് കോടതിക്ക് പുറത്ത് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും വേണ്ടിയാണ് താന്‍ പോരാടുന്നതെന്ന് പറഞ്ഞ രാഹുല്‍ രാജ്യത്തെ പത്തോ പതിനഞ്ചോ പേര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി.