ആര്‍ച്ച്ബിഷപ് മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

09:30am2 6/7/2016
Newsimg1_43510192
കോട്ടയം: ഭക്തിസാന്ദ്രമായ പ്രാര്‍ഥനകളും സങ്കീര്‍ത്തന ആലാപനങ്ങളും ഉയര്‍ന്ന പ്രൗഢമായ ചടങ്ങില്‍ പപ്പുവാ ന്യൂഗിനിയായുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി. ക്‌നാനായ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു നടന്ന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് റവ.ഡോ. തെയഡോര്‍ മസ്‌ക്കെരാനാസും സഹകാര്‍മികരുമായിരുന്നു.

കരുണയുടെ വര്‍ഷാചരണവേളയില്‍ കേരള സഭയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ വലിയ ആദരവിനും അംഗീകാരത്തിനും സാക്ഷ്യം വഹിക്കാന്‍ സഭാതലവന്മാരും അപ്പസ്‌തോലിക് നുണ്‍ഷ്യോകളില്‍നിന്നുള്ള പ്രതിനിധികളും വിവിധ രൂപതാധ്യക്ഷന്‍മാരും ഉള്‍പ്പെടെ ആയിരക്കണക്കിനു വിശ്വാസികള്‍ പൗരാണികപ്പെരുമയുള്ള കത്തീഡ്രലില്‍ പ്രാര്‍ഥനാനിര്‍ഭരരായി ഒന്നുചേര്‍ന്നു. പപ്പുവാ ന്യൂഗിനിയായുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയും റസിയാരിയായുടെ സ്ഥാനിക മെത്രാപ്പോലീത്തയുമായി മാര്‍ കുര്യന്‍ വയലുങ്കലിനെ നിയോഗിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ ഒപ്പുവച്ച ഉത്തരവ് ആര്‍ച്ച്ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ചടങ്ങില്‍ വായിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് സാല്‍വത്തോരെ പെനാക്കിയോയുടെ അനുമോദന സന്ദേശം മോണ്‍. ഹെന്‍ട്രിക് ജഗോദ്‌സിന്‍സ്‌കി വായിച്ച് അതിരൂപത ചാന്‍സലര്‍ റവ.ഡോ. തോമസ് കോട്ടൂര്‍ പരിഭാഷപ്പെടുത്തി.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റും തിരുവനന്തപുരം ആര്‍ച്ച് ബിഷപുമായ റവ.ഡോ. മരിയ കാലിസ്റ്റ് സൂസെപാക്യം എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മേലധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ കുര്യാക്കോസ് കുന്നശേരി, മാര്‍ ജോസഫ് പവ്വത്തില്‍, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, റവ.ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, തോമസ് മാര്‍ കൂറിലോസ്, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയമെത്രാപ്പോലീത്ത, ബിഷപ് റവ.ഡോ. മൈക്കിള്‍ മുള്‍ഹാള്‍, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോര്‍ജ് മഠത്തിക്കണ്്ടത്തില്‍, മാര്‍ ജോസഫ് പണ്്ടാരശേരില്‍, മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, മാര്‍ തോമസ് ചക്യത്ത്, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ എഫ്രേം നരികുളം, റവ.ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, റവ.ഡോ. ജോസഫ് കാരിക്കശേരി, റവ.ഡോ. സ്റ്റാന്‍ലി റോമന്‍, റവ.ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, റവ.ഡോ. സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, റവ.ഡോ. സൈമണ്‍ കായിപ്പുറം, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, കുര്യാക്കോസ് മാര്‍ ഇവാനിയോസ്, റവ.ഡോ മൈക്കിള്‍ മുള്‍ഹാള്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയ പ്രതിനിധി മോണ്‍. മൗറോ ലാലി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.