ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്തിനു സ്വീകരണവും, മാതാവിന്റെ വണക്കമാസ സമാപനവും

07:01 pm 6/11/2016

Newsimg1_20613392
എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലെ മാതാവിന്റെ വണക്കമാസ സമാപനം 2016 ഒക്‌ടോബര്‍ 30-നു ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത് വണക്കമാസ സമാപന ചടങ്ങുകള്‍ക്ക് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി റവ.ഫാ. ജോണ്‍ കുടിയിരുപ്പില്‍ മുഖ്യകാര്‍മികനായ വിശുദ്ധ കുര്‍ബാനയ്ക്ക് റവ.ഫാ. ലിജു സഹകാര്‍മികനായിരുന്നു.

ഒക്‌ടോബര്‍ 21 മുതല്‍ വൈകുന്നേരങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ജപമാലയും, ആരാധനയും നടത്തിയതിന്റെ പരിസമാപ്തിയായിരുന്നു ഒക്‌ടോബര്‍ 30നു നടത്തിയത്. അന്നേദിവസം വൈകുന്നേരം 3.30-നു അഭിവന്ദ്യ പിതാവിനു സ്വീകരണം നല്‍കി. താലപ്പൊലിയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടുകൂടി പരമ്പരാഗത കേരളത്തനിമയിലാണ് പിതാവിനെ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചത്.

വൈകുന്നേരം 4 മണിയോടുകൂടി ആരംഭിച്ച ദിവ്യബലിയില്‍, അഭിവന്ദ്യ റിച്ചാര്‍ഡ് സ്മിത്ത് പിതാവാണ് സന്ദേശം നല്‍കിയത്. ജീവിതത്തില്‍ ആദ്യമായാണ് തനിക്ക് ഇത്രയും ഹൃദ്യമായ ഒരു സ്വീകരണം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2016 ആരംഭത്തില്‍ ആദ്യമായി കേരളം സന്ദര്‍ശിച്ചതിന്റെ മധുര സ്മരണകള്‍ പിതാവ് ജനങ്ങളുമായി പങ്കുവെച്ചു. കേരളത്തിലെ ജനങ്ങളുടെ വിശ്വാസം എല്ലാര്‍ക്കും പ്രചോദനമാകട്ടെ എന്നു അദ്ദേഹം ആശംസിച്ചു.

ദിവ്യബലിയെ തുടര്‍ന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം ഉണ്ടായിരുന്നു. പരിശുദ്ധ മറിയത്തിന്റെ രൂപം എഴുന്നള്ളിച്ചുള്ള പ്രദക്ഷിണത്തിനു മുത്തുക്കുടകളും, കൊടികളും, വാദ്യമേളങ്ങളും മികവേകി.

തുടര്‍ന്ന് ലദീഞ്ഞും, രൂപംമുത്തലും ഉണ്ടായിരുന്നു. പാച്ചോര്‍ നേര്‍ച്ചയും ക്രമീകരിച്ചിരുന്നു. പള്ളിയിലെ വിവിധ സംഘടനാംഗങ്ങളോടൊപ്പം പിതാവ് ഫോട്ടോ സെഷനുള്ള സമയവും കണ്ടെത്തി.