ആര്‍പ്പു വിളികളോടെ കുട്ടനാടന്‍സ് ഓണം ആഘോഷിച്ചു

08;00 pm 12/10/2016
Newsimg1_54785395
ഹ്യൂസ്റ്റണ്‍: കുട്ടനാടെന്നാല്‍ വെറുമൊരു പേരോ? അല്ല ഒരിക്കലും അല്ല, അതൊരു സന്ദേശം ആണ്. ആ സ്‌നേഹ സന്ദേശം വിളിച്ചോതുന്ന ഹൃദ്യഹരിത പ്രളയം ആയിരുന്നു കുട്ടനാടന്‍സിന്റ ആദ്യ ഓണം. തുടങ്ങിയത് ഹ്യൂസ്റ്റണിലെങ്കിലും ഏതാനും നിമിഷങ്ങള്‍ക്കകം ഔപചാരികതയുടെ പുറം മൂടികളില്ലാതെ ഓര്‍മ്മയുടെ മേഘത്തിലേറി ഇറങ്ങിയത് പഴയ സമ്പന്നത നിറഞ്ഞു നിന്നിരുന്ന കൊയ്ത്തുപാട്ടിന്റെ ഈണം ഹരം മാക്കിയ, ജല രാജക്കാരുടെ വിഹാര കേന്ദ്രമായ എക്കല്‍ മണ്ണിനാല്‍ സമ്പുഷ്ട്ടമായ നെല്‍ക്കതിരുകള്‍ ഇഷ്ടദാനം നല്‍കിയ ധാന്യത്താല്‍ മലയാള മണ്ണിനെ ഊട്ടി ഉറക്കിയ തങ്ങളുടെ സ്വന്തം നാടിന്റെ നെറുകയില്‍.

സെപ്റ്റംബര്‍ 25-നു ഞാറാഴ്ച 12 മണിക്ക് ആരംഭിച്ച ആഘോഷങ്ങളില്‍ നൂറില്‍പ്പരം പേര്‍ പങ്കെടുത്തു. ക്‌നാനായ ഓഡിറ്റോറിയത്തിന്റെ ആര്‍പ്പു വിളികള്‍ ഓരോ കുടുംബത്തെയും സ്വാഗതം ചെയ്യുന്ന രീതിയിലെ വ്യത്യസ്തത വിളിച്ചു പറയുന്നതായിരുന്നു.

അത്ത പൂക്കളം ഒരുക്കിയ ഹാളിലേക്ക് വാദ്യ മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ച മാവേലിത്തമ്പുരാന്‍ ഹാളിലേക്ക് എഴുന്നള്ളിയതോടെ ഓണാഘോഷ പരിപാടി ആരംഭിച്ചു. പ്രജാവത്സലനായ മഹാബലി ആയി വേഷമിട്ട തോമസ്കുട്ടി വൈക്കത്തുശ്ശേരി നല്‍കിയ ഓണ സന്ദേശത്തില്‍, കുട്ടനാട് നിവാസികളെ പ്രത്യേകം പരാമര്‍ശിച്ചു.

തുടര്‍ന്ന് ശ്രീദേവി ടീച്ചറിന്റെ ശിഷ്യത്വത്തില്‍ നടന്ന തിരുവാതിരകളിടെ ചുവടു വെയ്പ്പിലുള്ള താളാത്മകതയും നടനവും രൂപവും ഭാവവുമൊക്കെ നോക്കിയാല്‍ , കേരളത്തില്‍ നിന്നെത്തിയ ഒരു സംഘം ആണോ എന്ന് തോന്നി പോകും. ഇടവിട്ടുള്ള റോയ് അത്തിമൂടന്റെയും(പുളിങ്കുന്ന്) സംഘത്തിന്റെയും വഞ്ചിപ്പാട്ടുകള്‍ കുട്ടനാടന്‍സിനു ഹരം പകരുന്നവയായിരുന്നു. പുരാണവുമായി ബന്ധപ്പെട്ടു കുട്ടനാടനിന്റെ ഓണത്തെ കുറിച്ച ജോസ് മണക്കുലവും ഓണപ്പാട്ടിന്റെ തോരാ മഴയും പേറി രാജിവ് നാരായണന്‍ രാമങ്കരി (രാജി), റോണി, ലെക്‌സിയ, മീര (ഈരയില്‍ നിന്നും), ജയ്‌­സണ്‍ (കൈതവന) എന്നിവര്‍ പുതിയതും പഴയതുമായ ഗാനങ്ങള്‍ ആലപിച്ചത് കയ്യടിയാല്‍ സംബുഷ്ട്ടം മായിരുന്നു. മാത്യു കളത്തില്‍ (മന്‍കൊമ്പ്) കുട്ടനാടിന്റെ പാരമ്പര്യം പ്രത്യേകത പ്രാധാന്യം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലോകപ്രശസ്തരായ മണ്മറഞ്ഞവരും, ജീവിച്ചിരിക്കുന്നവരുമായ കുട്ടനാട്ടിലെ പല മഹത് വ്യക്തികളെ കുറിച്ച് ഹ്രസ്വമായി നല്‍കിയ വിവരണം തികച്ചും അവസരോചിതമായി.

സദ്യയ്ക്ക് നേതൃത്വം കൊടുത്തുകൊണ്ട് ജെയിംസ് വരിക്കാട് (പുന്നക്കുന്നം) ജോബി മാമ്പൂത്ര (കായല്‍പുരം), സജു (കൈതവന) തുടങ്ങിയവര്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയ്ക്കു ശേഷം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ റോയ് അത്തിമൂടന്‍, ഈ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞതോടെ കുട്ടനാട്ടുകാരുടെ ഹൂസ്റ്റണിലെ ആദ്യത്തെ ഓണാഘോഷം സമംഗളം പര്യാവസാനിച്ചു.