ആറാമത് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ഇന്നു തുടക്കം

9:55am 8/3/2016

download (3)

നാഗ്പുര്‍: . നാഗ്പുരിലെ ജാംത സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ ഹോങ്കോങ്ങും സിംബാബ്വേയും തമ്മിലുള്ള ബി ഗ്രൂപ്പ് മത്സരത്തോടെയാണു ലോകകപ്പ് പോരാട്ടങ്ങള്‍ തുടങ്ങുക. രാത്രി 7.30 മുതല്‍ അഫ്ഗാനിസ്ഥാനും സ്‌കോട്ട്ലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. രണ്ടാം റൗണ്ട് മത്സരങ്ങള്‍ 15 നു തുടങ്ങും.
ജാംത സ്റ്റേഡിയത്തിലാണു രണ്ടാം റൗണ്ടിലെ ആദ്യ മത്സരവും. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍. ഇന്ത്യ ആദ്യമായാണ് ട്വന്റി20 ലോകകപ്പിനു വേദിയൊരുക്കുന്നത്.
ഹോങ്കോങ്ങും സിംബാബ്വേയും തമ്മില്‍ ഇതുവരെ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്. 2014 ലെ ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഹോങ്കോങ്ങ് അവസാന പന്തില്‍ ജയിച്ചിരുന്നു. ജാംതയിലെ സ്റ്റേഡിയം സ്പിന്നിന് അനുകൂലമായ വേഗം കുറഞ്ഞ പിച്ചാണ്.
ഹോങ്കോങ്ങിന്റെ റയാന്‍ കാംബല്‍ ഇന്നു കളിക്കുന്നതോടെ പുതിയ അധ്യായം എഴുതും. ട്വന്റി20 യില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡാണ് റയാന്‍ കാംബലിനെ കാത്തിരിക്കുന്നത്. 44 വര്‍ഷവും 29 ദിവസവുമാണ് റയാന്‍ കാംബലിന്റെ പ്രായം. ഓസ്ട്രേലിയയ്ക്കു വേണ്ടി രണ്ട് ഏകദിനങ്ങള്‍ കളിച്ച ശേഷമാണ് റയാന്‍ കാംബല്‍ ഹോങ്കോങ്ങിലേക്കു മാറിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ കാംബല്‍ ആഡം ഗില്‍ക്രിസ്റ്റിന്റെ വരവോടെയാണ് പിന്നാക്കം പോയത്.
മാല്‍കം വാളര്‍, സീന്‍ വില്യംസ്, പീറ്റര്‍ മൂര്‍, എള്‍ട്ടന്‍ ചിഗുംബര തുടങ്ങിയ മധ്യനിര ബാറ്റ്സ്മാന്‍മാരാണ് സിംബാബ്വേയുടെ പ്രതീക്ഷ.
തെന്‍ഡെ ചാതാര, തെന്‍ഡെ ചിസോറോ, ഡൊണാള്‍ഡ് ടിറിപാനോ, തവാന്‍ഡ മുപാരിവ എന്നിവരിലാണു ബൗളിങ് പ്രതീക്ഷ.