ആറുമാസത്തിനകം സൗദിയില്‍ മൊബൈല്‍ ഫോണ്‍ കടകളില്‍ പൂര്‍ണമായി സ്വദേശിവത്കരണം

09:42am 9/3/2016
images (2)

റിയാദ്: മൊബൈല്‍ ഫോണ്‍ കടകളില്‍ സ്വദേശികളെ നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം ഉത്തരവിറക്കി. മൊബൈല്‍ ഫോണുകളുടെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും വില്‍പനയും സേവനവും സ്വദേശികള്‍ക്ക് മാത്രം പരിമിതപ്പെടുത്തുന്ന നിയമമാണ് ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയം കൊണ്ടുവന്നത്. സൗദി വാണിജ്യ വ്യവസായ മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് നിയമം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി പറഞ്ഞു. രാജ്യത്ത് ഈ മേഖലയില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇതില്‍ ഭൂരിഭാഗവും മലയാളികളുമാണ്. നിയമം പ്രാബല്യത്തിലാവുന്നത് മലയാളികളെ കടുത്ത തൊഴില്‍ പ്രതിസന്ധിയിലാക്കും.
നിയമം പൂര്‍ണമായി നടപ്പാക്കുന്നതിന് ഏപ്രില്‍ ഒമ്പതുമുതല്‍ ആറു മാസം അനുവദിക്കും. എന്നാല്‍, അടുത്ത മൂന്നുമാസത്തിനുള്ളില്‍ (ജൂണ്‍ ഒന്നുവരെ) മൊബൈല്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം സ്വദേശിവത്കരണം ഏര്‍പ്പെടുത്തിയിരിക്കണം. ശേഷിക്കുന്ന മൂന്നുമാസം പൂര്‍ത്തിയാകുന്ന സെപ്റ്റംബര്‍ മൂന്നിന് മുമ്പ് നൂറു ശതമാനം ഉറപ്പാക്കണമെന്നും നിയമം നിര്‍ദേശിക്കുന്നു. മൊബൈല്‍ ഫോണ്‍ ഷോപ്പുകളിലും അനുബന്ധ മേഖലകളിലും തൊഴിലെടുക്കാന്‍ തയാറുള്ള സ്വദേശി യുവതി, യുവാക്കള്‍ക്ക് തൊഴില്‍ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ രംഗത്ത് ജോലിചെയ്യുന്നവര്‍ക്ക് മാന്യമായ വേതനവും തൊഴില്‍ സുരക്ഷയും ലഭ്യമാണ്. വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട തൊഴില്‍മേഖല സാമൂഹികവും സാമ്പത്തികവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതോടൊപ്പം, ബിനാമി വ്യാപാര ഇടപാടുകളെ നിയന്ത്രിക്കുന്നതിനും പുതിയ തീരുമാനം സഹായകരമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
നിയമം സൗദിയിലെ എല്ലാ മേഖലകളിലും നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കും. ചില്ലറ, മൊത്ത വ്യാപാര കേന്ദ്രങ്ങള്‍ക്കും ചെറുതും വലുതുമായ മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍ക്കുമെല്ലാം ഒരുപോലെ സ്വദേശിവത്കരണ നിയമം ബാധകമാണെന്നും തൊഴില്‍മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും.
സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴില്‍മന്ത്രാലയം പുറത്തിറക്കിയ നിയമം നടപ്പാക്കുന്നതിന് സ്വദേശികള്‍ക്ക് ടെക്‌നിക്കല്‍ ആന്‍ഡ് വൊക്കേഷനല്‍ ട്രെയ്‌നിങ് സെന്റര്‍ പ്രത്യേക പരിശീലനം നല്‍കും. ഇതിന് വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ച് പദ്ധതിക്ക് രൂപം നല്‍കുമെന്നും തൊഴില്‍ മന്ത്രി അറിയിച്ചു.
ഈ രംഗത്തെ തൊഴില്‍ സാധ്യതകളും മറ്റും അറിയാന്‍ www.taqat.sa വെബ് സൈറ്റ് സന്ദര്‍ശിക്കണമെന്നും മാനവ വിഭവശേഷി വിഭാഗം അറിയിച്ചു.