ആറ്റിങ്ങല്‍ ഇരട്ട കൊലപാതം; രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി

4.47 PM 15-04-2016
Attingal_murder_st_041516
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതകളായ ടെക്‌നോപാര്‍ക്ക് ജീവനക്കാരായിരുന്ന നിനോ മാത്യു (40) കാമുകി അനുശാന്തി (32) എന്നിവര്‍ക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച വിധിക്കും. ശിക്ഷാ വിധിക്കായുള്ള അന്തിമവാദം ഉച്ചയ്ക്ക് ശേഷം നടക്കും.പ്രതികള്‍ക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തുവെന്ന് കോടതി കണ്ടെത്തി. തങ്ങളെ കുടുക്കാന്‍ പോലീസ് മനപൂര്‍വം തെളിവ് സൃഷ്ടിച്ചുവെന്ന പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു.
2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തന്റെ കുടുംബത്തെ പൂര്‍ണമായും ഇല്ലാതാക്കണമെന്ന് മനസിലാക്കിയ അനുശാന്തി കാമുകന്‍ നിനോയെ പ്രേരിപ്പിച്ച് കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.
സംഭവ ശേഷം സ്ഥലത്തു നിന്നും രക്ഷപെടാന്‍ ശ്രമിച്ച നിനോയെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പോലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തായത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം നിരവധി സാങ്കേതിക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ 49 സാക്ഷികളേയും 85 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.