കാലവര്‍ഷം അനുകൂലമായാല്‍ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു അരുണ്‍ ജെയ്റ്റ്‌ലി

4.53 PM 15-04-2016
arun_jaitly
വരുന്ന കാലവര്‍ഷം അനുകൂലമായാല്‍ രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ശക്തിപ്പെടുമെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്ത് ഇക്കുറി അധിക മഴ ലഭിക്കുമെന്നാണു കാലാവസ്ഥാ പ്രവചനമെന്നും അദ്ദേഹം പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണു രാജ്യം പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ(ഐഎംഎഫ്) കണക്കുകൂട്ടലും ഇതു ശരിവയ്ക്കുന്നു. ഇതിനു പിന്നാലെയാണ് ഇക്കൊല്ലം അധിക മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനം വരുന്നത്. രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണു മണ്‍സൂണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎംഎഫ് യോഗത്തിനും വേള്‍ഡ് ബാങ്ക്‌സ് സെമിആന്വല്‍ മീറ്റിങ്ങിനുമായി വാഷിങ്ടണിലെത്തിയതായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി.