ആറ് വയസുകാരന്റെ മര്‍ദനമേറ്റ് നവജാത ശിശു മരിച്ചു; മാതാവ് അറസ്റ്റില്‍

– പി. പി. ചെറിയാന്‍

ഫ്‌ളോറിഡ: കാര്‍ സീറ്റിലിരുന്നിരുന്ന 13 ദിവസം പ്രായമുളള കുഞ്ഞിന്റെ കരച്ചില്‍ നിറുത്തുന്നതിന് മുഖത്തും ദേഹത്തും അടിക്കുകയും തല വാനിന്റെ മുകളിലും വശങ്ങളിലും അമര്‍ത്തുകയും ചെയ്ത തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത് കുഞ്ഞ് മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് കുട്ടികളുടെ മാതാവ് കാതലിന്‍ മേരി സ്റ്റീലിനെ(62) ഓഗസ്റ്റ് 11 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പിന്‍ലസ് കൗണ്ടി ഷെറിഫ് ബോബ് ഗ്വാല്‍റ്റിറി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഫ്‌ലോറിഡായിലാണ് സംഭവം ആറും മൂന്നും 13 ദിവസവും പ്രായമുളള മൂന്ന് കുട്ടികളെ വാനില്‍ ഇരുത്തി സെല്‍ഫോണ്‍ റിപ്പയര്‍ ഷോപ്പിലേക്ക് മാതാവ് പോയതിനുശേഷം വാന്‍ സീറ്റിലിരുന്ന് പതിമൂന്ന് ദിവസം പ്രായമുളള കുഞ്ഞ് കരയുവാന്‍ തുടങ്ങി. കരച്ചില്‍ നിറുത്തുന്നതിനാണ് കുഞ്ഞിനെ ആറ് വയസുകാരന്‍ മര്‍ദ്ദിച്ചത്. വാനിലുണ്ടായിരുന്ന സഹോദരന്‍ ഇതിനെല്ലാം സാക്ഷിയായിരുന്നു.

കടയില്‍ നിന്നും മടങ്ങി വന്നപ്പോള്‍ 6 വയസുകാരന്‍ സംഭവിച്ചതിനെക്കുറിച്ചു മാതാവിനെ അറിയിച്ചുവെങ്കിലും കാര്യമായി എടുക്കാതെ മൂന്നു കുട്ടികളേയും വാനിലിരുത്തി മറ്റൊരു കടയിലേക്ക് പോയതിനുശേഷമാണ് വീട്ടിലെത്തിയത്. ഇതിനകം രണ്ട് മണിക്കൂര്‍ കാറില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ കുഞ്ഞു നിശ്ചലമായിരുന്നു. വീടിനടുത്തുളള നഴ്‌സ് സംഭവമറിഞ്ഞ് 911 വിളിക്കുകയും കുഞ്ഞിനെ ഉടനെ സെന്റ് പീറ്റര്‍ ബര്‍ഗ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

മാതാവ് അശ്രദ്ധയോടെ പെരുമാറിയതാണ് കുട്ടി മരിക്കാനിടയായതെന്ന് ഷെറിഫ് പറയുന്നു. ഫിനാഷ്യല്‍ ബ്രോക്കറായി ജോലി ചെയ്യുന്ന കാതലിന്‍ മേരിയുടെ ഭര്‍ത്താവ് മരിക്കുന്നതിനു മുമ്പ് ഉണ്ടായ മകനാണ് 6 വയസുകാരന്‍. ഭര്‍ത്താവ് മരിച്ചതിനുശേഷം ശീതീകരിച്ചുവെച്ചിരുന്ന ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്നാണ് മറ്റ് രണ്ടു കുട്ടികളും ഇവര്‍ക്ക് ജനിച്ചത്.

ഫ്‌ലോറിഡാ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചൈല്‍ഡ് സെക്രട്ടറി മൈക്ക് കാരള്‍ സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഓഗസ്റ്റ് 12ന് അറിയിച്ചു.