ആലുവ ശിവരാത്രി മണപ്പുറത്ത് പതിനായിരങ്ങള്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി

12.11 PM 02-08-2016
Vahubali
പിതൃപ്രീതിക്കായി ശ്രാദ്ധകര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രസിദ്ധമായ ആലുവ ശിവരാത്രി മണപ്പുറത്തെത്തിയ പതിനായിരങ്ങള്‍ പൂര്‍ണാനദിയില്‍ കര്‍ക്കടക വാവുബലിതര്‍പ്പണം നടത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് തിലഹവന നമസ്‌കാരവും ബലിതര്‍പ്പണവും ആരംഭിച്ചത്. തര്‍പ്പണം ഇന്ന് ഉച്ചയ്ക്ക് രണ്ടു വരെ തുടരും. പെരിയാറിന്റെ തീരത്തുള്ള മണപ്പുറത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അമ്പതോളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. മണപ്പുറത്തിന് അക്കരെയുള്ള ശ്രീനാരായണ ഗുരു സ്ഥാപിച്ച് അദ്വൈതാശ്രമത്തിലും ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടായിരുന്നു.

പിതൃക്കള്‍ക്കു വേണ്ടി അനുഷ്ഠിക്കുന്ന വ്രതമാണ് അമാവാസി. വെളുത്തവാവ് കഴിഞ്ഞ് വരുന്ന അമാവാസി ദിവസം ചന്ദ്രപ്രകാശം മുഴുവനും മണ്‍മറഞ്ഞ പിതാക്കളുടെ ആത്മാക്കള്‍ക്ക് ലഭിക്കുന്നുവെന്നും അതിനാല്‍ പിതൃകര്‍മ്മങ്ങള്‍ നടത്തുന്നതിന് ഈ ദിവസം ഏറ്റവും ഉത്തമമാണെന്നുമാണ് വിശ്വസിക്കുന്നത്. പിതൃക്കള്‍ മരിച്ചനാളോ തീയതിയോ അറിയാത്തവര്‍ക്കും അമാവാസിനാളില്‍ ബലിതര്‍പ്പണം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

ശിവരാത്രിയിലെ തര്‍പ്പണം കഴിഞ്ഞാല്‍ ആലുവ മണപ്പുറത്ത് ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്നത് കര്‍ക്കടകവാവിനാണ്. പെരിയാറിന് കുറുകെ കൊട്ടരക്കടവില്‍ നിന്നും സ്ഥാപിച്ച സ്ഥിരം നടപ്പാലം വന്നതിനുശേഷമുള്ള ആദ്യ കര്‍ക്കടകവാവു ബലിതര്‍പ്പണമാണ് ഇക്കുറി നടന്നത്. മണപ്പുറം മഹാദേവക്ഷേത്രത്തില്‍ നടന്ന പിതൃമോക്ഷ കര്‍മങ്ങള്‍ക്കും തിലഹവന നമസ്‌കാരത്തിനും മേല്‍ശാന്തി മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരി കാര്‍മികത്വം നല്‍കി. ആശ്രമത്തിലെ തര്‍പ്പണം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തിലായിരുന്നു.
മാവേലിക്കരയില്‍ കണ്ടിയൂര്‍ ആറാട്ടുകടവില്‍ ദേവസ്വം ബോര്‍ഡിന്റെയും നഗരസഭയുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും നേതൃത്വത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. പുലര്‍ച്ചെ മൂന്നിനാണ് ഇവിടെ തര്‍പ്പണം തുടങ്ങിയത്. രാവിലെ 10 ഓടെ അവസാനിച്ചു. നഗരസഭയുടെ സഹായ കൗണ്ടറും സ്ഥലത്തുണ്ടായിരുന്നു. വഴുവാടി കിരാതന്‍ കാവിലും, മറ്റം നരസിംഹസ്വാമി ക്ഷേത്രത്തിലും, വിശ്വബ്രഹ്മ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ പ്രായിക്കരയിലും ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു.
ചെങ്ങന്നൂര്‍ മിത്രക്കടവില്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ബലിതര്‍പ്പണം നടത്തിയത്. പുലര്‍ച്ചെ നാല് മുതല്‍ ബലിതര്‍പ്പണങ്ങള്‍ ആരംഭിച്ചു. മിത്രമഠം കടവ്, വളഞ്ഞവട്ടം കീച്ചേരിക്കടവ്, മുണ്ടന്‍കാവ് ആറാട്ടുകടവ്, ഇടനാട് പള്ളിയോടക്കടവ് എന്നിവിടങ്ങളില്‍ ബലിതര്‍പ്പണങ്ങള്‍ നടന്നു.