ആവിഷ്കാര സ്വാതന്ത്രത്തില്‍ കാവി മുക്കുന്നവര്‍ സംസ്കാരത്തിന്റെ ഭാഗമോ?

08:49 pm 19/3/2017

(ജയശങ്കര്‍ പിള്ള)
Newsimg1_71328245

ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ കന്നഡ സാഹിത്യകാരന്‍ യോഗേഷ് മാഷിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ച് വീണ്ടും സാഹിത്യലോകത്തിനോട്,ആവിഷ്കാര സ്വാതന്ത്രത്തിനോട് അക്രമവും ഭീഷണിയും മുഴക്കി.അടിയന്തിരാവസ്ഥ കാലത്തോ,വിദേശ ഭരണത്തിന്‍ കീഴിലോ സംഭവിക്കാത്ത അവഗണനയും,ആക്രമണവും ആണ് കഴിഞ്ഞ കുറച്ചു കാലങ്ങള്‍ ആയി മാധ്യമ പ്രവര്‍ത്തകരോടും,സാഹിത്യകാരന്മാരോടും,വര്‍ഗ്ഗീയ വാദികള്‍ അഴിച്ചു വിട്ടിരിക്കുന്നത്.യോഗേഷിന്റെ പുതിയ നോവല്‍ ആയ “ദുണ്ണ്ടി” എന്ന നോവലിന്റെ പ്രകാശന വേളയില്‍ ആണ് ഒരു സംഘം അക്രമികള്‍ അദ്ദേഹത്തെ കരിഓയില്‍ ഒഴിച്ച് അപമാനിച്ചത്.ലങ്കേഷ് പത്രിക ആണ് ബുക്കിന്റെ പ്രകാശന കര്‍മ്മം സംഘടിപ്പിച്ചിരുന്നത്.ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന ഭാഗങ്ങള്‍ ഉണ്ട് എന്നതാണ് ആരോപണം.
തെന്നിന്ത്യന്‍ സാഹിത്യകാരന്മാരുടെ നേരെ നടക്കുന്ന ആക്രമണം ഒരു പരമ്പര പോലെ നീളുകയാണ്.
അന്ധ വിശ്വാസങ്ങള്‍ക്കും,വര്‍ഗ്ഗിയ വാദത്തിനും,ലളിത് പീഡനങ്ങള്‍ക്കും എതിരെ എഴുതുന്നവരെയും,സമരം ചെയ്യുന്നവരെയും അടിച്ചമര്‍ത്തുന്ന രീതിയില്‍ ആക്രമിക്കുന്നത് തുടരുന്നു.ഭീഷണിക്കു ഇരയായ പ്രമുഖരില്‍ എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി,ഡോ. യു ആര്‍ ആനന്തമൂര്‍ത്തി,പെരുമാള്‍ മുരുകന്‍,മലയാളത്തിന്റെ കമല്‍ സാര്‍,എം ടി വാസുദേവന്‍ നായര്‍ ,മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച നരേദ്ര ധബോല്‍ക്കറും കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാര എന്നിങ്ങനെ പട്ടിക നീളുകയാണ്.

2015 ആഗസ്ത് 30നു കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കയറി ഡോ.കുല്‍ബര്‍ഗിയെ വെടിവച്ചു കൊല്ലുക ഉണ്ടായി. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മൊദി വിജയിക്കുകയാണെങ്കില്‍ രാജ്യം വിട്ടു പോകുമെന്ന് പറഞ്ഞ ഡോ. യു ആര്‍ ആനന്തമൂര്‍ത്തിയുടെ മരണം സംഘപരിവാര്‍ ലഡു വിതരണം ചെയ്തു ആഘോഷിച്ചു .

തമിഴ് സാഹിത്യ കാരന്‍ ആയ പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍ എന്ന രചനക്കെതിരെ ഭീഷണി ഉയര്‍ത്തിയ ഹിന്ദുത്വ വാദികള്‍ക്കു നേരെ “പെരുമാള്‍ മുരുകന്‍ മരിച്ചു” എന്ന് സോഷ്യല്‍ മീഡിയയില്‍ സ്വയം പ്രസ്താവിച്ചു എഴുത്തു നിറുത്തുക ഉണ്ടായി.

കേരളത്തിലെ സ്ഥിതികള്‍ ഒട്ടും മറിച്ചല്ല.നോട്ടു നിരോധനത്തിന് എതിരെ സംസാരിച്ച എം ടി വാസുദേവന്‍ നായര്‍ക്ക് നേരെ പരസ്യ പ്രസ്താവനകളിലൂടെ ബി ജെ പി ആക്രോശം ഉയര്‍ത്തി.കമല്‍ സാറിന്റെ പ്രസ്താവനകളെ ശക്തമായി എതിര്‍ത്ത ഹിന്ദുത്വ വാദികള്‍ ആണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്.
ലോകത്തിന്റെ സാംസ്കാരിക വളര്‍ച്ചയില്‍,സാമൂഹിക പരിഷ്കരണത്തില്‍ വ്യക്തമായ സ്ഥാനം വഹിക്കുന്നവര്‍ ആണ് സാഹിത്യകാരന്മാരും,മാധ്യമ പ്രവര്‍ത്തകരും,കലാകാരന്മാരും.അവരുടെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ കടയ്ക്കല്‍ കത്തി വെക്കുന്നവര്‍ എങ്ങിനെ ആണ് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗം ആകുക.ആവിഷ്കാര സ്വാതന്ത്രത്തെ എതിര്‍ക്കുന്ന വര്‍ഗ്ഗീയ വാദികള്‍ക്ക് എങ്ങിനെ സിന്ധു നദീതടങ്ങളില്‍ നിന്ന് ആരംഭിച്ചു എന്ന് ചരിത്രം പറയുന്ന “സിന്ധ്” സംസ്കാരത്തില്‍ നിന്നും പരിണമിച്ചു ഉണ്ടായ “ഹിന്ദു” എന്ന മതത്തിന്റെ സാംസ്കാരിക പെരുമയില്‍ പുളകം കൊള്ളാന്‍ കഴിയും.ഹിന്ദുമതവും ,ക്രിസ്തുമതവും,ഇസ്ലാം മതവും,സിഖും,പാഴ്‌സിയും,ജൈനനും എല്ലാം ജന നന്മ ഉദ്ദേശിച്ചു മാത്രം ഉണ്ടായ അഭിപ്രായം മാത്രമാണെന്ന തിരിച്ചറിവും, ഓരോ മതങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്ന സാംസ്കാരിക പെരുമയും സ്വയം തിരിച്ചറിയുന്ന കാലത്തു മാത്രമേ ആവിഷ്കാര സ്വാതന്ത്രത്തിനു നേരെയുള്ള ഇത് പോലുള്ള ആക്രമണങ്ങള്‍ക്കു തിരശ്ശീല വീഴുകയുള്ളു എന്ന് അടിവരയിടുന്നു.