ആസാമില്‍ മഴ തിമിര്‍ക്കുന്നു; പ്രളയം കവര്‍ന്നത് 29 ജീവന്‍

download (9)

ഗോഹട്ടി: കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ ആസാമില്‍ മരിച്ചവരുടെ എണ്ണം 29 ആയി. സംസ്ഥാനത്തിന്റെ 28 ജില്ലകളിലായി 36-37 ലക്ഷം ആളുകള്‍ പ്രളയദുരിതത്തിലാണ്. വിവിധ ഇടങ്ങളില്‍ തുറന്ന 970 ദുരിതാശ്വാസ ക്യാമ്പുകളിലായി അഞ്ചു ലക്ഷത്തോളം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നൂറോളം ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ലകിംപുര്‍, ഗൊലഗട്ട്, ബോംഗായിഗാവ്, ജോര്‍ഹാട്ട്, ദെമാജി, ബര്‍പെട, ഗോള്‍പാറ, ദുബ്രി, ദരാംഗ്, മോറിഗാവ്, സോണിത്പുര്‍ എന്നിവിടങ്ങളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. രണ്ടു ലക്ഷം ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും തടയിണകളും പ്രളയത്തില്‍ ഒലിച്ചുപോയി.

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ വിദൂരഗ്രാമങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്. വൈദ്യുതി- വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചതോടെ റേഡിയോയിലൂടെ ലഭിക്കുന്ന അറിയിപ്പുകളാണു ജനങ്ങളുടെ ഏക ആശ്രയം.