09:06 am 26/4/2017
ന്യൂഡൽഹി: വ്യക്തികളുടെ വിവരങ്ങളും ആധാർ ഡേറ്റയും ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും അത്തരം നടപടികൾ മൂന്നു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കേന്ദ്രം വ്യക്തമാക്കി.
ഒൗദ്യോഗിക വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങൾ വീണ്ടും പരിശോധിക്കാനും സ്വകാര്യ വിവരങ്ങൾ വെബ്സൈറ്റുകളിൽ ചേർത്തിട്ടില്ലെന്ന് ഉറപ്പുവരുത്താനും കേന്ദ്ര ഐടി മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി അരുണ സുന്ദർരാജൻ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്താൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കു കത്തു നൽകി.
അടുത്തിടെ ആധാർ വിവരങ്ങൾ അടക്കമുള്ളവ ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് ഐടി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ലക്ഷക്കണക്കിന് പെൻഷൻകാരുടെ ആധാർ വിവരങ്ങൾ ജാർഖണ്ഡ് സർക്കാർ അടുത്തിടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഛണ്ഡിഗഡിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്.ധോണിയുടെ ആധാർ വിവരങ്ങൾ ചോർന്നതിനെതിരേ ഭാര്യ സാക്ഷി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.