ഇന്ത്യക്ക് ഇന്നിങ്സ് ജയം

01:44pm 25/7/2016

download (2)
ആന്‍റിഗ്വ: വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിങ്സിനും 92 റണ്‍സിനും ജയം. ഒരു ദിനം ബാക്കിനില്‍ക്കെയാണ് സന്ദര്‍ശകര്‍ തകര്‍പ്പന്‍ ജയം നേടിയത്. വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ച്വറി മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ നേടിയ കൂറ്റന്‍ ടോട്ടലിന് (566/8 ഡിക്ള) മറുപടിക്കിറങ്ങിയ വെസ്റ്റിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 243 റണ്‍സിനും, രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സിനും കീഴടങ്ങിയാണ് തോല്‍വി സമ്മതിച്ചു.

ഫോളോഓണിന് നിര്‍ബന്ധിതരായി മൂന്നാം ദിവസം തന്നെ രണ്ടാമിന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കരീബിയന്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്സിലെ ടോപ് സ്കോര്‍ ക്രെയ്ഗ് ബ്രാത്വെയ്റ്റിന്‍െറ (2) വിക്കറ്റാണ് നഷ്ടമായത്. നാലാം ദിനം തുടങ്ങിയപ്പോള്‍ തലേന്നത്തെ അതേ സ്കോറില്‍ ഡാരന്‍ ബ്രാവോ (10) പുറത്തായതോടെ തോല്‍വിയിലേക്കുള്ള യാത്ര തുടങ്ങി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ അര്‍ധസെഞ്ച്വറി പ്രകടനവുമായി ചെറുത്തു നിന്ന മര്‍ലോണ്‍ സാമുവല്‍സ് (50), കാര്‍ലോസ് ബ്രാത്വെയ്റ്റ് (53 നോട്ടൗട്ട്), ദേവേന്ദ്ര ബിഷു (45) എന്നിവരാണ് ആതിഥേയരുടെ തോല്‍വി ഭാരം കുറച്ചത്. എട്ടിന് 132 റണ്‍സെന്ന നിലയില്‍ തകര്‍ന്നവരെ ബ്രാത്വെയ്റ്റും ബിഷുവും ചേര്‍ന്ന് ഒമ്പതാം വിക്കറ്റിലെ 95 റണ്‍സ് പ്രകടനത്തോടെയാണ് നാണക്കേടില്‍ നിന്ന് കരകയറ്റി. രാജേന്ദ്ര ചന്ദ്രിക 31 റണ്‍സെടുത്തു. ജര്‍മന്‍ ബ്ളാക് വുഡ് (0), റോസ്റ്റന്‍ ചേസ് (8), ഷെയ്ന്‍ ഡൗറിച് (9), ഷാനോണ്‍ ഗബ്രിയല്‍ (4) എന്നിവര്‍ ഒറ്റയക്കത്തില്‍ മടങ്ങി.

ആര്‍. അശ്വിന്‍ ഏഴു വിക്കറ്റ് വീഴ്ത്തി നിറഞ്ഞാടിയാണ് ഇന്ത്യന്‍ ജയം നേരത്തെയാക്കിയത്. അമിത് മിശ്ര, ഉമേഷ് യാദവ്, ഷമി എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു. ഏഷ്യക്കു പുറത്ത് അശ്വിന്‍െറ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്. നേരത്തെ ബാറ്റിങ്ങില്‍ സെഞ്ച്വറിയും നേടിയിരുന്നു. ജൂലായ് 30 മുതല്‍ കിങ്സ്റ്റണിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.