ഇന്ത്യക്ക് കൂറ്റന്‍ ലീഡ്; അശ്വിന് ആറു വിക്കറ്റ്

11-10-2016 12.16 AM
aswin_2509
ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. 258 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും കീവികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 18 റണ്‍സെടുത്തിട്ടുണ്ട്. തോളിന് പരിക്കേറ്റ് ഓപ്പണര്‍ ഗൗതം ഗംഭീര്‍ മടങ്ങിയതിനാല്‍ 11 റണ്‍സുമായി ക്രീസിലുള്ള മുരളി വിജയ്ക്ക് ചേതേശ്വര്‍ പൂാജാരയാണ്(1) കൂട്ട്. 10 വിക്കറ്റ് ശേഷിക്കെ ഇന്ത്യയ്ക്കിപ്പോള്‍ 276 റണ്‍സിന്റെ ലീഡുണ്ട്. സ്‌കോര്‍ ഇന്ത്യ 557/5, 18/0, ന്യൂസിലന്‍ഡ് 299.
വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കീവീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. പരമ്പരയില്‍ ഇതാദ്യമായി ഫോമിലേക്കുയര്‍ന്ന മാര്‍ട്ടിന്‍ ഗപ്റ്റില്‍, ടോം ലഥാമുമൊത്ത് ഓപ്പണിംഗ് വിക്കറ്റില്‍ 118 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ ക്ഷമ പരീക്ഷിച്ചു. എന്നാല്‍ ലഞ്ചിന് തൊട്ടുമുമ്പ് ലഥാമിനെ കൈപ്പിടിയിലൊതുക്കി അശ്വിന്‍ വിന്‍ഡീസ് പ്രതിരോധം ഭേദിച്ചു.
ലഞ്ചിനുശേഷം കീവികള്‍ തകര്‍ന്നടിയുന്നതാണ് കണ്ടത്. ഗപ്റ്റില്‍(72) നിര്‍ഭാഗ്യകരമായി റണ്ണൗട്ടായപ്പോള്‍ വില്യാംസണ്‍(8), ടെയ്‌ലര്‍(0), റോങ്കി(0) എന്നിവരെ മടക്കി അശ്വിന്‍ കീവീസിന്റെ നടുവൊടിച്ചു. വാലറ്റത്തെ കൂട്ടുപിടിച്ച് നീഷാം(71) നടത്തിയ ചെറുത്തുനില്‍പ്പാണ് അവരെ 250 കടത്തിയത്. വാള്‍ട്ടിംഗ്(23), സാന്റനര്‍(22), ജീതന്‍ പട്ടേല്‍(18), മാറ്റ് ഹെന്റി(15) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് കീവീസ് സ്‌കോറിന് അല്‍പമെങ്കിലും മാന്യത നല്‍കിയത്. ആദ്യ വിക്കറ്റ് വീഴ്ത്തി തകര്‍ച്ചയ്ക്ക് തുടക്കമിട്ട അശ്വിന്‍ തന്നെ അവസാന വിക്കറ്റും വീഴ്ത്തി കീവീസ് ഇന്നിംഗ്‌സിന് തിരശീലയിട്ടു. 81 റണ്‍സ് വഴങ്ങി അശ്വിന്‍ ആറു വിക്കറ്റെടുത്തപ്പോള്‍ ജഡേജ രണ്ടു വിക്കറ്റെടുത്തു. അശ്വിന്റെ കരിയറിലെ ഇരുപതാം അഞ്ച് വിക്കറ്റ് നേട്ടമാണിത്.