ഇന്ത്യക്ക് 134 റണ്‍സ് ലീഡ്, ഇംഗ്ലണ്ട് നാലിന് 78

11;29 AM 29/11/2016
images (1)
മൊഹാലി: ക്രീസിലെ പിഴവിനുള്ള പ്രതികാരം പന്തുകൊണ്ടു തീര്‍ക്കാമെന്ന ഇംഗ്ളീഷ് മോഹം തകര്‍ന്നതോടെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ കണ്ടത്തെിയത് 134 റണ്‍സ് ലീഡ്. തകര്‍ച്ചയില്‍നിന്ന് കരകയറ്റിയ രവിചന്ദ്ര അശ്വിനിലൂടെ തുടങ്ങി ജദേജയിലൂടെ ആളിക്കത്തിയ ശേഷം ജയന്ത് യാദവില്‍ അവസാനിപ്പിച്ച ഇന്ത്യ ആദ്യ ഇന്നിങ്സില്‍ കുറിച്ചിട്ടത് 417 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ളണ്ടിന് 78 റണ്‍സിനിടെ നഷ്ടപ്പെട്ടത് നാലു വിലപ്പെട്ട വിക്കറ്റുകള്‍. മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ജോ റൂട്ടും (36) റണ്‍സൊന്നുമെടുക്കാതെ ഗരേത് ബാട്ടിയുമാണ് ക്രീസിലുള്ളത്. ക്രീസിലെ ആക്രമണത്തിനുശേഷം പാഡഴിച്ചു പന്തെടുത്ത അശ്വിന്‍ തന്നെയാണ് ഇംഗ്ളീഷ് നിരയെ പരുങ്ങലിലാക്കിയത്. പന്തു കറക്കിത്തിരിച്ച് അശ്വിന്‍ മൂന്നു വിക്കറ്റുകള്‍ പിഴുതെടുത്തപ്പോള്‍ ജയന്ത് യാദവ് ഒരു വിക്കറ്റ് നേടി.

ലീഡിന് 12 റണ്‍സകലെ പുനരാരംഭിച്ച കളിയില്‍ പേരിനുപോലും പ്രതിരോധത്തിലേക്ക് മാറാതെ അശ്വിനും ജദേജയും ചേര്‍ന്ന് നേടിയ 97 റണ്‍സാണ് ഇന്ത്യയെ ബഹുദൂരം മുന്നിലത്തെിച്ചത്. കൈ കഴക്കും വരെ പന്തെറിഞ്ഞിട്ടും വിക്കറ്റ് മാത്രം വീഴാതിരുന്ന കളിയില്‍ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കല്‍ മാത്രമായി പിന്നീട് ഇംഗ്ളീഷ് നായകന്‍ കുക്കിന്‍െറ ജോലി. ഇതിനിടെ ഇന്ത്യന്‍ സ്കോറില്‍ അധികമായി വന്നുചേര്‍ന്നത് 97 റണ്‍സ്. പന്തു കറക്കി മായാജാലം കാട്ടുന്ന അതേ പിച്ചില്‍ പാഡണിഞ്ഞും ഇന്ത്യന്‍ സ്പിന്നര്‍ നിറഞ്ഞാടിയതോടെ ഇന്ത്യയെ വരുതിയിലാക്കാന്‍ കരുതിവെച്ച ഉപായങ്ങളെല്ലാം ഇംഗ്ളീഷ്പടക്ക് കൈമോശം വന്നു. ഇംഗ്ളണ്ട് പന്തുകൊണ്ടു തീര്‍ത്ത ലക്ഷ്മണരേഖകളെ ഒന്നൊന്നായി മറികടന്ന അശ്വിന്‍ 11 തകര്‍പ്പന്‍ ബൗണ്ടറികളുടെ അകമ്പടിയില്‍ നേടിയത് 72 റണ്‍സ്. വിക്കറ്റിനായി ദാഹിച്ചുവലഞ്ഞ ഇംഗ്ളീഷുകാര്‍ക്ക് ബെന്‍ സ്റ്റോക്സാണ് അശ്വിനെ ബട്ലറുടെ കൈകളിലത്തെിച്ച് തിങ്കളാഴ്ച തെല്ല് ആശ്വാസം പകര്‍ന്നത്.

എന്നാല്‍, പൂരം കാണാനിരിക്കുന്നതേയുള്ളൂവെന്ന് ഇംഗ്ളണ്ടിന് തിരിച്ചറിവുണ്ടാകാന്‍ അധികസമയമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. അപാര ഫോമില്‍ നിറഞ്ഞാടിയ രവീന്ദ്ര ജദേജക്കൊപ്പം (90) ക്രീസിലത്തെിയ ജയന്ത് യാദവും (55) പിന്‍വാങ്ങാനൊരുക്കമില്ലാതെ ബാറ്റുവീശിയതോടെ അലിസ്റ്റര്‍ കുക്കിന്‍െറ തന്ത്രങ്ങളെല്ലാം വീണ്ടും പിഴച്ചു. പന്തെറിഞ്ഞവരെയെല്ലാം പ്രഹരിച്ച ഇരുവരും ചേര്‍ന്ന് സ്കോര്‍ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത് 80 റണ്‍സ്. കളിയിലുടനീളം മികവുകാട്ടിയ രവീന്ദ്ര ജദേജ സെഞ്ച്വറിയോടടുത്ത പ്രകടനംത്തിനിടെ 10 ബൗണ്ടറികളാണ് പറത്തിയത്. ഉമേഷ് യാദവ് 12 റണ്‍സ് നേടി.