ഇന്ത്യന്‍ ഗുസ്തി താരംനര്‍സിങ് യാദവിന് നാലു വർഷം വിലക്ക്

10:45 am 19/08/2016
download (5)
റിയോ ഡെ ജനീറോ:: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് നാലു വർഷം വിലക്ക്. നർസിങ്ങിനെ കുറ്റവിമുക്തനാക്കിയ നാ‍ഡയുടെ തീരുമാനം തള്ളിയ രാജ്യാന്തര കായിക കോടതി വിലക്കിന് അംഗീകാരം നൽകി. തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന നര്‍സിങ്ങിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. വിലക്ക് അടിയന്തര പ്രാബല്യത്തോെട നിലവില്‍ വന്നു. കായിക കോടതിയുടെ വിധിയോടെ നർസിങ്ങിന് റിയോ ഒളിമ്പിക്സിൽ മത്സരിക്കാനാകില്ല.

രാജ്യാന്തര കായിക കോടതിയുടെ വിധി തന്‍റെ കരിയറിനെ പകുതിയിൽവെച്ച് നശിപ്പിച്ചെന്ന് നർസിങ് യാദവ് പ്രതികരിച്ചു. ഗുസ്തിയിൽ രാജ്യത്തിന് വേണ്ടി പോരാടാനാണ് താൻ ശ്രമിക്കുന്നത്. റിയോ ഒളിമ്പിക്സിൽ മെഡൽ നേടുകയായിരുന്നു തന്‍റെ ലക്ഷ്യം. കോടതി വിധി തന്നെ തകർത്തെന്നും നിരപരാധിത്വം തെളിയിക്കുമെന്നും നർസിങ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ജൂലൈ ആദ്യ വാരത്തില്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട് ഒളിമ്പിക്സ് സ്വപ്നം കരിനിഴലിലായ ഇന്ത്യന്‍ താരം ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ക്ലീന്‍ചിറ്റ് ലഭിച്ചതോടെയാണ് റിയോയിലെത്തിയത്. പരിശീലനത്തിനിടയിലെ മറ്റാരുടെയോ ഇടപെടലിലൂടെ ഉത്തേജകം ശരീരത്തിലെത്തിയെന്നായിരുന്നു നാഡയുടെ നിഗമനം. എന്നാല്‍, ഇത് ചോദ്യം ചെയ്ത ലോക ഉത്തേജകവിരുദ്ധ ഏജന്‍സി (വാഡ), കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച നടന്ന ഹിയറിങ്ങിന് പിന്നാലെയാണ് നര്‍സിങ്ങിന് ശേഷം കായിക കോടതി വിധി പ്രഖ്യാപിച്ചത്.

ഇന്ത്യന്‍ ഗുസ്തി സംഘത്തിലെ ഏറ്റവും മെഡല്‍ സാധ്യതയുള്ള താരം കൂടിയാണ് ഏഷ്യന്‍, കോമണ്‍വെല്‍ത്ത് ചാമ്പ്യനും ലോകചാമ്പ്യന്‍ഷിപ് വെങ്കല മെഡല്‍ ജേതാവുമായ നര്‍സിങ്.