ഷിജു ജോര്‍ജ് തച്ചനാലിന്റെ ഓടിമറയുന്ന ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു

10:37 am 19/8/2016
മണ്ണിക്കരോട്ട്

Newsimg1_65341001
ഹ്യൂസ്റ്റന്‍: ഷിജു ജോര്‍ജ് തച്ചനാലിന്റെ പ്രഥമ കൃതിയായ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു. ഈ കൃതിയെക്കുറിച്ച് ജി. പുത്തന്‍കുരിശ് ചുരുങ്ങിയ ഭാഷയില്‍ അവലോകനം ചെയ്തു പ്രസംഗിച്ചു. “വായിച്ചാല്‍ മനസ്സിലാകത്തക്ക വിധത്തില്‍, വളരെ മനോഹരമായ ശൈലിയില്‍, ജീവിതാനുഭവങ്ങളെ ഉള്‍ക്കൊണ്ട് വികസിപ്പിച്ചെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരമാണ് ഷിജു ജോര്‍ജ് തച്ചനാലിന്റെ ഓടിമറയുന്ന ഓര്‍മ്മകള്‍. ഈ കഥകളില്‍ വൈകാരിക ഭാവങ്ങളും ഉജ്ജലമായ ജീവിതാനുഭവങ്ങളുടെ തിരയിളക്കവും കാണാം. നിത്യജീവിതത്തിലുണ്ടാകാവുന്ന സംശയങ്ങളും സംഭവങ്ങളും സഘര്‍ഷങ്ങളുംകൊണ്ട് ഓരോ കഥകളും ഒന്നിനൊന്ന് അതുല്യത പുലര്‍ത്തുന്നതുകാണാം.”

“ഈ സമാഹാരത്തിലെ പതിനഞ്ചു കഥകളിലൂടെയും കടന്നുപോകുമ്പോള്‍ ഒരു തുടര്‍ച്ചിത്രം അവ്യക്തമായെങ്കിലും തെളിഞ്ഞുവരുന്നു. കഥാകാരന്റെ മനസ്സില്‍ ഒരു യുദ്ധഭൂമിയുണ്ട്. ആ യുദ്ധഭൂമിയില്‍ പോരാടുന്ന സൈനീകരും അവരുടെ നൊമ്പരങ്ങളുമുണ്ട്. സൈനികജീവിതം ബൂട്ട്‌സിട്ടു മാര്‍ച്ചുചെയ്തു കടന്നുപോകുന്നതിന്റെ താളം പല കഥകളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കാം. ധീരയോദ്ധാക്കള്‍ക്ക് ഷിജുവിന്റെ സല്യൂട്ടാവാം അത്.” മലയാള മനോരമയുടെ അസോസിയേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറത്തിന്റെ അവതാരികയില്‍നിന്ന്.

ഹ്യൂസ്റ്റന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ആഗസ്റ്റ് 13-നു നടന്ന സമ്മേളനത്തില്‍ ജോര്‍ജ് മണ്ണിക്കരോട്ട്, മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മുന്‍പ്രസിഡന്റ് തോമസ് തയ്യിലിന് കൃതി നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. സാഹിത്യ-സാമൂഹ്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം പേര്‍ പ്രകാശന പരിപാടിയില്‍ സംബന്ധിച്ചു.

ചടങ്ങില്‍ ഗ്രന്ഥകര്‍ത്താവ് ഷിജു നന്ദിപ്രകാശനം നടത്തി. അദ്ദേഹത്തിന്റെ ഒരു നന്ദിക്കുറിപ്പില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “ ഓടിമറയുന്ന ഓര്‍മ്മകള്‍ എന്ന ഈ കഥാസമാഹാരം എന്റെ ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന വ്യക്തികളേയും സംഭവങ്ങളേയും കുറിച്ചുള്ളതാണ്. ഈ ഉദ്യമം സഫലമാക്കി തന്ന ദൈവനാമത്തിനു നന്ദിപറയുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള എന്റെ പ്രത്യേക ആഗ്രഹത്താല്‍ ഈ പുസ്തകത്തില്‍നിന്നു ലഭിക്കുന്ന വരുമാനം ആ വിധത്തില്‍ ചിലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” ഈ കൃതിയുടെ പൂര്‍ത്തീകരണത്തിനു സഹായിച്ച എല്ലാവര്‍ക്കും ഷിജു ജോര്‍ജ് കൃതജ്ഞത അര്‍പ്പിച്ചു.