ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായിരുന്ന ഐഎന്‍എസ് വിരാട് അവസാന യാത്ര പൂര്‍ത്തിയാക്കി

10.23 PM 28-07-2016
3-ins-viraat
കെ.പി വൈക്കം
കൊച്ചി: ഇന്ത്യന്‍ നേവിയുടെ വിമാനവാഹിനികപ്പല്‍ ഐഎന്‍എസ് വിരാട് അവസാനമായി കൊച്ചിയിലെത്തി. ഇനിയൊരു തിരിച്ചുവരവില്ല. ഓളപ്പരപ്പുകളിലെ ആരവങ്ങളോ വെടിയൊച്ചയോ കേള്‍ക്കാതെ യുദ്ധഭൂമിയിലെ മുന്‍നിര പേരാളിക്ക് വിശ്രമം. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ വെച്ച് ഡീകമ്മീഷന് മുന്‍പുള്ള അവസാന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനാണ് സ്വന്തം എന്‍ജില്‍ ഉപയോഗിച്ച് കപ്പല്‍ എത്തിയത്. പൊളിക്കാന്‍ തീരുമാനിച്ച കപ്പല്‍ മുംബൈയിലെ പശ്ചിമ നാവികസേനാ ആസ്ഥാനത്ത് നിന്നും വീരോചിതമായ യാത്രയയപ്പ് ഏറ്റുവാങ്ങി ശനിയാഴ്ചയാണ് യാത്ര ആരംഭിച്ചത്. കൊച്ചി ഷിപ്പ്‌യാര്‍ഡില്‍ മൂന്ന് ആഴ്ചയോളം കപ്പലുണ്ടാകും. ഡീകമ്മീഷന് മുന്‍പ് കപ്പലിലെ പല യുദ്ധ ഉപകരണങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. അറ്റകറ്റപ്പണികള്‍ക്ക് ശേഷം കപ്പല്‍ ഡീകമ്മിഷന്‍ ചടങ്ങിന് മുംബൈയിലേക്ക് മടങ്ങുമെങ്കിലും മടക്കയാത്ര മറ്റു കപ്പലുകളുടെ സഹായത്തോടെയായിരിക്കും. ഈ വര്‍ഷം തന്നെ കപ്പലിന്റെ ഡീ കമ്മീഷന്‍ ഉണ്ടാകും. ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഐഎന്‍എസ് വിരാട് മ്യൂസിയമാക്കി മാറ്റി നാവികസേനയുടെ ഭാഗമായി മാറ്റാനാണ് ശ്രമം. ഇതിനുള്ള നടപടികള്‍ നാവികസേനാകേന്ദ്രങ്ങള്‍ ആരംഭിച്ചു.
940കളില്‍ ബ്രിട്ടീഷ് റോയല്‍ നേവിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത് 1959 നവംബറില്‍ കമ്മീഷന്‍ ചെയ്ത എച്ച്എംഎസ് ഹെര്‍മസാണ് 1987 മുതല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി മാറിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിരാട്. 28 വര്‍ഷക്കാലം റോയല്‍ നേവിയില്‍ സേവനമ്യൂുഷ്ഠിച്ച ഹെര്‍മസ് 1987 മെയ് 12നാണ് ഇന്ത്യന്‍ നാവികസേനയിലെത്തി കര്‍മ്മനിരതയായത് ഐഎന്‍എസ് വിരാടില്‍ യുദ്ധസജ്ജമായി. 20ഓളം സീഹാരിയര്‍ പോര്‍ വിമാനങ്ങള്‍, സീകിങ്ങ്, എച്ച്എഎല്‍ ധ്രുവ്, ചേതക് ഹെലികോപ്ടറുകള്‍, ബാരക് മിസെയില്‍, ബോഫോഴ്‌സ് തോക്കുകള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരങ്ങളുമുണ്ട്. 28,000 ടണ്‍ ശേഷിയുള്ള വിരാട് വിമാനവാഹിനിയുടെ നീളം 226.5 മീറ്ററാണ്. മണിക്കൂറില്‍ 28 നോട്ടിക്കല്‍ മെയില്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഐഎന്‍എസ് വിരാട് ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായാണ് ശ്രദ്ധേയമാകുന്നത്. മൂന്ന് നാവികസേനാ തലവന്മാരും 18 കമാന്റിങ്ങ് ഓഫീസര്‍മാരുമടങ്ങുന്ന വലിയൊരു നാവികസേനാംഗങ്ങളുടെ കര്‍മ്മമേഖലകൂടിയാണ് ഐഎന്‍എസ് വിരാടിന്റേത്.
ഇന്ത്യന്‍ നാവികസേനയിലെ കാല്‍നൂറ്റാണ്ടുകാലത്തെ സേവനത്തിനിടയില്‍ സപ്തസാഗരങ്ങളുടെ ആഴങ്ങളിലൂടെ ഐഎന്‍എസ് വിരാട് ഇതിനകം അഞ്ചുലക്ഷം നോട്ടിക്കല്‍ മെയില്‍ ദൂരം സഞ്ചരിച്ച് കഴിഞ്ഞു. 40,000 മണിക്കൂര്‍ നീണ്ട പ്രവര്‍ത്തനത്തിനിടയില്‍ 20,000 മണിക്കൂറും നിതാന്ത്രജാഗ്രതയുമായി കടല്‍പ്പരപ്പുകളിലാണ് കര്‍മ്മനിരതനായത്.
ഇന്ത്യന്‍ നാവികസേനയിലേക്ക് 1986 ഏപ്രിലില്‍ കടന്നെത്തിയ ഐഎന്‍എസ് വിരാട് 1987 മെയ് 12നാണ് നാവികസേനാംഗമായത്. പത്തുവര്‍ഷം കാലാവധി തീരുമാനിച്ച് സേനാംഗമായ ഐഎന്‍എസ് വിരാട് 25 വര്‍ഷമാണ് പിന്നിട്ടത്.
കാല്‍നൂറ്റാണ്ടിന്റെ കര്‍മ്മനിരതയുടെ കാലഘട്ടത്തിനിടയില്‍ ഒട്ടനേകംതവണ കൊച്ചി കപ്പല്‍ശാലയിലാണ് ഐഎന്‍എസ് വിരാടിന്റെ അറ്റകുറ്റപ്പണികള്‍ നടന്നത്. 1993ല്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് മേജര്‍ റിപ്പയറിങ്ങ് നടത്തിക്കൊണ്ട് ഐഎന്‍എസ് വിരാട് ശക്തനായി വീണ്ടും നീറ്റിലിറങ്ങി. തുടര്‍ന്ന് 1999ലും 2003ലും 2004ലും മെച്ചപ്പെട്ട അറ്റകുറ്റപ്പണികള്‍ നടത്തി. കര്‍മ്മമേഖലയില്‍ ഊര്‍ജസ്വലനാക്കിയ ഐഎന്‍എസ് വിരാട് 2008ല്‍ വിരമിക്കാനിരിക്കുകയായിരുന്നു. റഷ്യന്‍ വിമാനവാഹിനിയുടെ അട്ടിമറിയെത്തുടര്‍ന്ന് പത്ത് വര്‍ഷംകൂടി കര്‍മ്മരംഗത്ത് പ്രവര്‍ത്തിക്കുവാനുള്ള ശേഷിക്കായി നടന്ന മേജര്‍ വര്‍ക്ക് ഐഎന്‍എസ് വിരാടിനെ ആധുനിക യുദ്ധസജ്ജീകരണത്തിന്റെ വിമാനവാഹിനിയാക്കി മാറ്റുകയും ചെയ്തു.
2010 മാര്‍ച്ചിലും 2011 ജൂലൈയിലും കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയ ഐഎന്‍എസ് 2012 നവംബറിലും കൊച്ചിയിലെത്തിയിരുന്നു. എന്നാല്‍ ഇത്തവണത്തേത് നിരവധി പോര്‍മുഖങ്ങളില്‍ ഇന്ത്യന്‍ പതാകയേന്തിയ യുദ്ധകപ്പലിന്റെ അവസാന വരവാണ്.