ഇന്ത്യന്‍ വംശജ പ്രമീള മാലിക്ക് ന്യുയോര്‍ക്ക് സെനറ്റിലേക്ക് മത്സരിക്കുന്നു

03:37 pm 25/8/2016

പി. പി. ചെറിയാന്‍
unnamed
ന്യുയോര്‍ക്ക് : 1999 മുതല്‍ തുടര്‍ച്ചയായി സെനറ്റിലേക്ക് മത്സരിച്ചു വിജയിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ ബോണക്കിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം നിറവേറ്റുന്നതിന് പ്രതിജ്ഞാബദ്ധയായി പ്രമീള മാലിക്ക് മത്സര രംഗത്തേക്ക്. നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പറില്‍ ജോണിനെ എതിര്‍ക്കുന്ന ഏക ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരിക്കും പ്രമീള. 2010 നുശേഷം ആദ്യമായാണ് ജോണിന് ഒരു എതിരാളി രംഗത്തെത്തുന്നത്.

ഓറഞ്ച് കൗണ്ടി സിറ്റിസണ്‍ ഗ്രൂപ്പിന്റെ നേതാവായ പ്രമീള മാലിക്ക് ഇന്ത്യയിലാണ് ജനിച്ചത്. പ്രമീളയുടെ മാതാവ് പബ്ലിക് സ്കൂള്‍ സയന്‍സ് അദ്ധ്യാപികയും പിതാവ് സ്ക്കാര്‍ട്ടന്‍ യൂണിവേഴ്‌സിറ്റി ഫിസിക്‌സ് പ്രൊഫസറുമാണ്. കമ്യൂണിറ്റി റൈറ്റിനു വേണ്ടി ശബ്ദമുയര്‍ത്തിയ പ്രമീള ന്യുയോര്‍ക്കിലെ 42ാമത് ഡിസ്ട്രിക്റ്റില്‍ നിന്നാണ് സെനറ്റിലേക്ക് മത്സരിക്കുന്നത്.

ന്യുയോര്‍ക്ക് പൊതു രംഗത്ത് സജീവ സാന്നിധ്യമായിരിക്കുന്ന പ്രമീള ഇത്തവണ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് സെനറ്റിലേയ്‌ക്കെത്തുമോ എന്ന് അറിയണമെങ്കില്‍ നവംബര്‍ വരെ കാത്തിരിക്കണം. ഇന്ത്യന്‍ സമൂഹത്തിന് നിര്‍ണ്ണായക സ്വാധീനമുളള പ്രദേശത്തെ ഇവരുടെ വിജയം ഉറപ്പിക്കുവാന്‍ എല്ലാവരും സജ്ജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.