ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും.

10:22am 20/7/2016
download (5)

ആന്റിഗ്വെ: നാലു മത്സരങ്ങളടങ്ങുന്ന ഇന്ത്യവെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരക്ക് വ്യാഴാഴ്ച തുടക്കമാകും. ആന്റിഗ്വെിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30ന് (വെസ്റ്റിന്‍ഡീസ് സമയം രാവിലെ 10.00) ആദ്യ ടെസ്റ്റ് മത്സരം തുടങ്ങും. അനില്‍ കുംബ്‌ളെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണെന്നതിനാല്‍ ടീം ഇന്ത്യക്കും കുംബ്‌ളെക്കും അതിനിര്‍ണായകമാണ് മത്സരം. വിദേശ പരമ്പരകളില്‍ കാലിടറുന്ന പതിവുണ്ടെങ്കിലും ഒരടി മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. 2002ന് ശേഷം വിന്‍ഡീസിനെതിരെ ടെസ്റ്റ് തോല്‍വിയറിയാതെ മുന്നേറുന്ന ഇന്ത്യ അവസാന അഞ്ച് പരമ്പരകളും സ്വന്തമാക്കിയെന്ന ഖ്യാതിയുമായാണ് കളത്തിലിറങ്ങുന്നത്. കണക്കുകള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വെസ്റ്റിന്‍ഡീസ് പഴയ വിന്‍ഡീസ് അല്ല എന്ന തിരിച്ചറിവോടെയാണ് ഇന്ത്യ മുന്നൊരുക്കങ്ങള്‍ നടത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വട്ടവും 20ട്വന്റി ലോക ചാമ്പ്യന്മാരായപ്പോള്‍ വിന്‍ഡീസിനെ വെറും കുട്ടിക്രിക്കറ്റര്‍മാരായി ചിത്രീകരിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റ്. പ്രാഥമിക റൗണ്ടില്‍ ആസ്‌ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും പരാജയപ്പെടുത്തിയ വിന്‍ഡീസ് ഫൈനലിലാണ് കീഴടങ്ങിയത്. പരിമിത ഓവര്‍ മത്സരങ്ങളിലെ തേരോട്ടം ടെസ്റ്റിലും ആവാഹിച്ച് പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ഒരുക്കത്തിന്റെ തുടക്കമായാണ് വിന്‍ഡീസ് ടീം പരമ്പരയെ കാണുന്നത്. ടെസ്റ്റ് റാങ്കിങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ പരമ്പരജയം ഇന്ത്യക്ക് അനിവാര്യമാണ്.

എല്ലാ കണ്ണുകള്‍ കുംബ്ലെയിലേക്ക്
പരമ്പര തുടങ്ങുന്നതിന് മുമ്പേ ശ്രദ്ധാകേന്ദ്രമാകുന്നത് അനില്‍ കുംബ്‌ളെയാണ്. വിവാദങ്ങളുടെ അകമ്പടിയോടെ പരിശീലക സ്ഥാനം ഏറ്റെടുത്ത കുംബ്‌ളെക്ക് ബി.സി.സി.ഐയുടെ മാനം രക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. ആദ്യമായാണ് ബി.സി.സി.ഐ പത്രപ്പരസ്യം ചെയ്ത് ഇന്റര്‍വ്യൂ നടത്തി പരിശീലകനെ തെരഞ്ഞെടുക്കുന്നത്. ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണം ശരിയാണെന്ന് തെളിയിക്കേണ്ട ബാധ്യത കുംബ്‌ളെക്ക് കൂടിയുണ്ട്. വെസ്റ്റിന്‍ഡീസ് മണ്ണില്‍ അധികം കളിച്ച് പരിചയമില്ലാത്ത യുവനിരക്ക് കുംബ്‌ളെയുടെ അനുഭവങ്ങള്‍ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.

നാല് സ്‌പെഷലിസ്റ്റ് ബൗളര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് ബൗളര്‍മാരെ അണിനിരത്തിയായിരിക്കും ഇന്ത്യ ആന്റിഗ്വെില്‍ ഇറങ്ങുക. പേസ് ആക്രമണം നിയന്ത്രിക്കുന്നത് മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയുമായിരിക്കും. അങ്ങനെയെങ്കില്‍ ഉമേഷ് യാദവും ഭുവനേശ്വര്‍ കുമാറും പുറത്തിരിക്കേണ്ടി വരും. സ്പിന്‍ പട്ടികയില്‍ ആര്‍. അശ്വിനൊപ്പം അമിത് മിശ്രയത്തെും. അഞ്ചാം ബൗളറായി ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിക്കാണ് സാധ്യത കല്‍പിക്കുന്നത്. ജദേജ പുറത്തിരിക്കും.
സന്നാഹ മത്സരത്തില്‍ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ബാറ്റിങ് നിരയെ തീരുമാനിക്കുന്നത് കടുപ്പമേറിയതാവും. ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, മുരളി വിജയ് എന്നിവരാണ് ഓപണര്‍മാരുടെ പട്ടികയിലുള്ളത്. വിരാട് കോഹ്ലിയുടെ സ്ഥാനം മാത്രമാണ് ഉറപ്പുള്ളത്. അജന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാനുള്ള പോരിലാണ്‌