ഇന്ത്യാന പ്രൈമറിയില്‍ ട്രംപ്, ടെഡ് ക്രൂസ് പിന്‍മാറി

10:25 AM 04/05/2016
download
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യാന പ്രൈമറിയില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ മുഖ്യ എതിരാളിടെഡ് ക്രൂസ് പിന്‍മാറി.

മത്സരത്തില്‍ നിന്നും പിന്‍മാറുന്നതായി ക്രൂസ് അനുയായികളെയും മാധ്യമപ്രവര്‍ത്തകരെയും അറിയിച്ചു. അവസാന നിമിഷമാണ് ക്രൂസ് പിന്‍മാറുന്നതായി അറിയിച്ചത്. ട്രംപ് നുണയനെന്നും പിന്തുണക്കുന്നവരെ ചതിക്കുമെന്നുമുള്ള അഭിപ്രായപ്രകടനം അദ്ദേഹം നടത്തിയിരുന്നു. ക്രൂസിനു അമേരിക്കയുടെ പ്രസിഡന്റാകാന്‍ മാത്രം ക്ഷമാശീലം ഇല്ലെന്നായിരുന്നു ഇതിനോടു ട്രംപിന്റെ പ്രതികരണം. ക്രൂസിന്റെ പിതാവ് റാഫേല്‍ ക്രൂസിനു മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകിയുമായി ബന്ധമുണ്ടെന്നും ആരോപിച്ചു. ഒരു ഫോട്ടോ ഉയര്‍ത്തിക്കാണിച്ചായിരുന്നു ട്രംപിന്റെ ആരോപണം.

മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചെങ്കിലും ജൂണില്‍ നടക്കുന്ന അവസാന പ്രൈമറികളില്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് ക്രൂസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബേര്‍ണി സാന്‍ഡേഴ്സും ഹിലരി ക്ലിന്റണും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് നോമിനേഷന്‍ 91 ശതമാനവും ഹിലരി ഉറപ്പിച്ചിട്ടുണ്ട്.