ഇന്ത്യൻ രാഷ്ട്രീയക്കാർ ആണവ കരാറിനായി ഹിലരിക്ക് പണം നൽകി: ട്രംപ്

04:24PM 25/06/2016
images (1)
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ളിന്‍റനെതിരെ ആരോപണവുമായി രംഗത്ത്. ഇന്ത്യ-അമേരിക്ക ആണവകരാർ പിന്തുണക്കുന്നതിനായി ഇന്ത്യൻ രാഷ്ട്രീയക്കാർ ഹിലരിക്ക് പണം നൽകിയെന്നാണ് ട്രംപിന്‍റെ ആരോപണം. തന്‍റെ വാദങ്ങൾ 35 പേജുള്ള ബുക് ലെറ്റായി ട്രംപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ രാഷ്ട്രീയക്കാരനായ അമർ സിങ് 2008ൽ 50 ലക്ഷത്തോളം ഡോളർ ക്ളിന്‍റൺ ഫൗണ്ടേഷന് നൽകിയെന്നാണ് ട്രംപിന്‍റെ ആരോപണമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവകരാർ സംബന്ധിച്ച അമേരിക്കൻ നിലപാട് തങ്ങൾക്ക് അനുകൂലമാക്കുന്നതിനായി 2008ൽ അമർ സിങ് അമേരിക്ക സന്ദർശിച്ചുവെന്നും അന്നത്തെ പ്രസിഡന്‍റായിരുന്ന ബിൽ ക്ളിന്‍റൺ, കരാർ തടസപ്പെടുത്തുന്ന തരത്തിലുള്ള യാതൊന്നും ഡെമോക്രാറ്റുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയില്ലെന്ന് ഉറപ്പ് നൽകിയതായുമായാണ് ആരോപണം.

ഇന്ത്യൻ വ്യവസായികളുടെ സംഘടന അഞ്ച് ലക്ഷം മുതൽ ഒരു മില്യൺ ഡോളറിനിടക്കുള്ള തുക ക്ളിന്‍റൺ ഫൗണ്ടേഷന് കൈമാറിയെന്ന് ട്രംപ് ആരോപിക്കുന്നതായും ടൈംസ് റിപ്പോർട്ട് ചെയ്തു.

ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേരത്തേ വ്യക്തമാക്കിയതായി ഹിലരി പക്ഷം വ്യക്തമാക്കി.