ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു

01:36pm 10/4/2016
– പി. പി. ചെറിയാന്‍
unnamed
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ 2016–2017 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഡാലസ് ഫോര്‍ട്ട് വര്‍ത്തിലെ സാമൂഹ്യ– സാംസ്കാരിക നേതാക്കളുടെ നിറ സാന്നിധ്യത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് നിര്‍വ്വഹിച്ചു.

ഏപ്രില്‍ 7 വ്യാഴം ചാപ്റ്റര്‍ പ്രസിഡന്റ് ബിജിലി ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടനത്തില്‍ കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമ്മേല്‍ മുഖ്യതിഥിയായിരുന്നു.

ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ വൈകിട്ട് കൃത്യം 7 മണിക്ക് യോഗ നടപടികള്‍ ആരംഭിച്ചു. ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ടി. സി. ചാക്കോ സ്വാഗതം ആശംസിച്ചു. സിജു ജോര്‍ജ് (ട്രഷറര്‍) മുഖ്യാതിഥിയായും സംഘടനാ ഭാരവാഹികളേയും സദസിന് പരിചയപ്പെടുത്തി.

പത്ത് വര്‍ഷം മുമ്പ് ചാപ്റ്ററിന്റെ രൂപീകരണം മുതല്‍ നാളിതുവരെ നടത്തിയ സംഘടനാ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം പ്രസിഡന്റ് ബിജിലി ജോര്‍ജ് അധ്യക്ഷ പ്രസംഗത്തില്‍ വിശദീകരിച്ചു.
unnamed (1)

ദൃശ്യ– അച്ചടി മാധ്യമ രംഗത്ത് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ കഴിഞ്ഞ ഒരു ദശാബ്ദമായി നടത്തിയ നിസ്വാര്‍ത്ഥ സേവനങ്ങളെ ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട് ഉദ്ഘാടന പ്രസംഗത്തില്‍ പ്രത്യേകം പ്രശംസിക്കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആസംസിക്കുകയും ചെയ്തു. തുടര്‍ന്ന ഭദ്രദീപം കൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ– സാംസ്കാരിക സംഘടനകളും വ്യക്തികളും ചെയ്യുന്ന ജനോപ കാരക്ഷേമ പ്രവര്‍ത്തനങ്ങള്‍ മറ്റുളളവര്‍ക്ക് പ്രചോദനം നല്‍കത്തക്ക വിധം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രവര്‍ത്തകര്‍ പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നുവെന്നും ആത്മാര്‍ത്ഥമായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിച്ച ഫാ. ഡേവിഡ് ചിറമ്മേല്‍ അഭ്യര്‍ത്ഥിച്ചു.

ചാപ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് പി. പി. ചെറിയാനന്‍ (നാഷണല്‍ ജോ. സെക്രട്ടറി), റവ. ഫാ. രാജു ഡാനിയേല്‍ (ഡാലസ് എക്യൂമിനിക്കല്‍ പ്രസിഡന്റ്) ജോസ് ഓച്ചാലില്‍ (ലാന പ്രസിഡന്റ്), റോയ് കൊടുവത്ത് (കേരള അസോസിയേഷന്‍ ഓഫ് ഡാലസ്), ഫിലിപ്പ് തോമസ് (വേള്‍ഡ് മലയാളി റീജിയണല്‍ ചെയര്‍മാന്‍) ബോബന്‍ കൊടുവത്ത് (ഇന്ത്യ – കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍, പ്രസിഡന്റ്), രാജു തരകന്‍ (ഹെറാള്‍ഡ് എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍) ഏബ്രഹാം തെക്കേമുറി (ഫൗണ്ടിങ് ചാപ്റ്റര്‍ പ്രസിഡന്റ്), ഏബ്രഹാം തോമസ്, സണ്ണി മാളിയേക്കല്‍, ജോസ് പ്ലാക്കാട്ട് (മുന്‍ ചാപ്റ്റര്‍ പ്രസിഡന്റുമാര്‍), രാജന്‍ മേപ്പുറത്ത് (പ്രവാസി മലയാളി ഫെഡറേഷന്‍) തുടങ്ങിയ നിരവധി പേര്‍ പ്രസംഗിച്ചു. അലക്‌സ് അലക്‌സാണ്ടര്‍, ഏലിയാസ് മാര്‍ക്കോസ്, രാജന്‍ ഐസക്ക്, ബെന്നി ജോണ്‍, രവി എടത്വ, ഏബ്രഹാം മേപ്പുറത്ത്, അനില്‍ മാത്യു തുടങ്ങിയവര്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.

ഐപിസിഎന്‍എം നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോസഫ് വിങ്ങോലില്‍, പ്രവര്‍ത്തി ദിവസമായിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത് വിജയപ്പിച്ച ഏവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി. കൃത്യസമയത്ത് (7 മണിക്ക്) യോഗ നടപടികള്‍ ആരംഭിച്ചു. നിശ്ചിത സമയത്തിനുളളില്‍ (9 മണിക്ക്) അവസാനിപ്പിക്കുന്നതിന് സഹകരിച്ച നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരേയും സെക്രട്ടറി പ്രത്യേകം അഭിനന്ദിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്റര്‍ ഡിന്നറും ഒരുക്കിയിരുന്നു.